തിരുവനന്തപുരം: സംസ്ഥാനത്ത് കരിങ്കല്ലിനും മെറ്റലിനും അനുബന്ധ ഉൽപന്നങ്ങൾക്കും ചരിത്രത്തിലേറ്റവും വലിയ ക്ഷാമം. 2500ലേറെ ചെറുകിട ക്വാറികൾ അടച്ചുപൂട്ടിയ സാഹചര്യമാണ് ഇതുവരെയില്ലാത്ത ക്ഷാമം സൃഷ്ടിച്ചത്. നിർമാണസാമഗ്രികളുടെ വരവ് നിലച്ചത് സംസ്ഥാനത്തെ റോഡ് പ്രവൃത്തിയെ സാരമായി ബാധിച്ചു. സാമഗ്രികളുടെ ലഭ്യതക്കുറവ് കാരണം റോഡ് പണി ഇഴഞ്ഞാണ് നീങ്ങുന്നത്. ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ പ്രവൃത്തി നിലക്കുമെന്നിടത്താണ് സ്ഥിതി.
ക്ഷാമം ദേശീയപാതയുടെ പ്രവൃത്തിയെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ, മരാമത്ത് വകുപ്പിെൻറ റോഡ് അറ്റകുറ്റപ്പണിക്ക് തിരിച്ചടിയുണ്ടാക്കി. 450 കോടിയോളം രൂപയുടെ അറ്റകുറ്റപ്പണിയാണ് വിവിധ ജില്ലകളിലായി ഇപ്പോൾ നടക്കുന്നത്. കരിങ്കല്ലിെൻറയും മെറ്റലിെൻറയും ക്ഷാമം വിലവർധനക്കും കാരണമായി. മെറ്റൽ അടിക്ക് 60 മുതൽ 80 രൂപ വരെയാണ് വിവിധ ജില്ലകളിൽ ഇൗടാക്കുന്നത്. കരിങ്കല്ലിന് മിനി ടിപ്പർ റോഡിന് 2500ൽനിന്ന് 6000 രൂപവരെയായി ഉയർന്നു. ക്വാറി മേഖല വൻകിട കമ്പനികളുടെ നിയന്ത്രണത്തിലായതോടെയാണ് വില കുത്തനെ കൂടാൻ ഇടയാക്കിയത്.
ജി.എസ്.ടിയെ തുടർന്നുണ്ടായ അധിക സാമ്പത്തികബാധ്യതയെ ചൊല്ലി കരാറുകാരുടെ ബഹിഷ്കരണം കാരണം ഏറെ വൈകിയാണ് ഇത്തവണ റോഡ് പ്രവൃത്തി തുടങ്ങാനായത്. കരാറുകാരുടെ പ്രശ്നം പരിഹരിച്ച് പ്രവൃത്തി തുടങ്ങിയ വേളയിലാണ് സാധനസാമഗ്രികളുടെ ക്ഷാമം പുതിയ പ്രതിസന്ധി സൃഷ്ടിച്ചത്. വയനാട്, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് പ്രവൃത്തി കൂടുതൽ തടസ്സപ്പെട്ടത്. മഴക്കുമുമ്പ് അറ്റകുറ്റപ്പണി തീർക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. ക്ഷാമം മുന്നിൽ കണ്ട്, പൂട്ടിക്കിടക്കുന്ന ചെറുകിട ക്വാറികൾ തുറക്കുന്നതിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നേരത്തേ യോഗം ചേർന്നിരുന്നു. ജില്ല കലക്ടർമാർ അധ്യക്ഷനായ സമിതികൾ ക്വാറികൾ പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.