റോഡ് വാടകക്ക് നൽകൽ; വിവാദമായതോടെ കരാർ റദ്ദാക്കി തിരുവനന്തപുരം കോർപറേഷൻ

തിരുവനന്തപുരം: സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ച സംഭവം വിവാദമായതോടെ കരാർ റദ്ദാക്കി തിരുവനന്തപുരം കോർപറേഷൻ. റോഡ് വാടകക്ക് നൽകിയതിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിരുന്നു. റോഡിന്റെ ഒരു ഭാഗവും ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ വാടകയ്ക്കു നൽകാനോ പാർക്കിങ് ഫീസ് പിരിക്കാനോ ആർക്കും അനുമതിയില്ലെന്നാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകിയത്. തുടർന്നാണ് കോർപറേഷൻ കരാർ റദ്ദാക്കിയത്.

തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ എം.ജി റോഡിലാണ് സ്വകാര്യ ഹോട്ടലിന് പാർക്കിങ്ങിനായി കോർപറേഷൻ സ്ഥലം അനുവദിച്ചത്. പ്രതിമാസം 5000 രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് റോഡിന്‍റെ ഒരു ഭാഗം ഹോട്ടലിലെത്തുന്ന വാഹനങ്ങൾക്ക് നിർത്തിയിടാനായി വിട്ടുനൽകിയത്.

വാടകക്ക് നൽകിയ സംഭവം വിവാദമായതോടെ കോർപറേഷൻ വിശദീകരണവുമായി വന്നിരുന്നു. 2017 മുതൽ ഇത്തരത്തിൽ കരാർ അടിസ്ഥാനത്തിൽ പാർക്കിങ്ങ് ഏരിയ വാടകയ്ക്ക് നൽകാറുണ്ടെന്നാണ് വാദിച്ചത്. ഈ പ്രദേശത്ത് ട്രാഫിക് വാർഡന്മാർ കാശ് പിരിക്കാറില്ല. മാസം തോറും അപേക്ഷകൻ നേരിട്ട് കാശ് നൽകും. എന്നാൽ ഇവിടെ പാർക്കിങ്ങിനായി എത്തുന്ന ആരെയും തടയാൻ അപേക്ഷകന് അധികാരമില്ല. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാർക്കിങ്ങിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടാൽ കരാർ റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും കോർപറേഷൻ പറഞ്ഞിരുന്നു.

കരാർ ഉണ്ടായതോടെ ഈ സ്ഥലത്ത് മറ്റുവാഹനങ്ങൾ പാർക്കുചെയ്യുന്നത് ഹോട്ടലുകാർ തടഞ്ഞിരുന്നു. ഇതോടെ പലതവണ വാക്കുതർക്കവും ഇവിടെ ഉണ്ടായിട്ടുണ്ട്. മേയറുടെ നിർദേശ പ്രകാരം കോർപറേഷൻ സെക്രട്ടറിയും ഹോട്ടലുടമയും 100 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ എഴുതി ഒപ്പിട്ടിരുന്നു. ഇത് കാണിച്ചാണ് ഹോട്ടലുകാർ റോഡിൽ അവകാശം സ്ഥാപിച്ചിരുന്നത്. ഈ കരാറാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. 

Tags:    
News Summary - road leasing for private parking; Thiruvananthapuram Corporation canceled contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.