തിരുവനന്തപുരത്ത് വഴി തടസ്സപ്പെടുത്തി പന്തൽകെട്ടി സമരം നടത്തിയ കേസിൽ ഹൈകോടതിയിൽ ഹാജരായ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനും കോടതിയിൽനിന്ന് പുറത്തേക്ക് വരുന്നു
കൊച്ചി: റോഡും നടപ്പാതയും പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഇടമല്ലെന്നും പ്രതിഷേധ പരിപാടികളും സമ്മേളനങ്ങളും നടത്തേണ്ടത് മനുഷ്യരുടെ വഴിയടച്ചല്ലെന്നും ഹൈകോടതി. നടപ്പാതകൾ പ്രതിഷേധ വേദികളാകുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് കാൽനടക്കാരാണ്. കാഴ്ചശക്തിയില്ലാത്തവരടക്കം നടപ്പാതകൾ ഉപയോഗിക്കുന്നുണ്ടെന്നത് ഓർക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഗതാഗതതടസ്സമുണ്ടാക്കി പാർട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പിയടക്കം രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും നേരിട്ട് ഹാജരായപ്പോഴാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
വഞ്ചിയൂരിൽ റോഡ് തടസ്സപ്പെടുത്തി നടന്ന സി.പി.എം പാളയം ഏരിയ സമ്മേളനം, ജോയന്റ് കൗൺസിൽ സെക്രട്ടേറിയറ്റ് ധർണ, ബാലരാമപുരം ജ്വാല വനിത ജങ്ഷൻ പരിപാടി, കോൺഗ്രസിന്റെ കൊച്ചി കോർപറേഷൻ ധർണ എന്നിവയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായാണ് നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരായത്.
കേസിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. സി.പി.എം തൃശൂർ ജില്ല സമ്മേളനം നടക്കുന്നതിനാൽ തിങ്കളാഴ്ച ഹാജരാകുന്നതിൽനിന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും ഒഴിവാക്കി. അതേസമയം, ബുധനാഴ്ച വൈകീട്ട് നാലിന് ഹാജരാകാൻ നിർദേശിച്ചാണ് ഇളവ് അനുവദിച്ചത്. ചില പൊലീസ് ഉദ്യോഗസ്ഥർ സംഭവങ്ങളിൽ ക്ഷമാപണം നടത്തി സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വെറും ക്ഷമാപണം പോരെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതിയിൽ എത്തിയിരുന്ന നേതാക്കൾ കേസിൽ വീണ്ടും നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഇളവുതേടി നൽകിയ അപേക്ഷ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.