യുവാക്കളെ മർദിച്ച കേസിൽ പിടിയിലായ പ്രതികൾ

കൊലവിളി, ക്രൂര മർദനം: യുവാക്കളെ തല്ലിച്ചതച്ച ഗുണ്ടകൾക്കെതിരെ പൊട്ടിത്തെറിച്ച് ജനരോഷം

കൊച്ചി: കാക്കനാട്ട് യുവാക്കളെ ​കൊലവിളി നടത്തി ക്രൂരമായി തല്ലിച്ചതച്ച കേസിൽ തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതികൾക്കെതിരെ പൊട്ടിത്തെറിച്ച് ജനങ്ങൾ. കളമശ്ശേരി മൂലേപാടം ദിണ്ടിങ്ങൽ വീട്ടിൽ ​ഷെഫിൻ (30), കോഴിക്കോട് മേലത്തൂർ ചേവാരി കണ്ടയിൽ വീട്ടിൽ വിബീഷ് (26), ആലുവ എടത്തല നടുവിക്കൽ വീട്ടിൽ ഫഹദ് (31) എന്നിവരാണ് കേസിൽ പിടിയിലായത്.

ഗുണ്ടാസംഘത്തിൽപെട്ട ഇവരെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ഇവർ പിടിയിലായ വാർത്ത പുറത്തുവന്നതിനു പിന്നാലെ തൃക്കാക്കര സ്റ്റേഷൻ പരിസരത്ത് ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിനിടെ സാഹസികമായാണ് പൊലീസ് പ്രതികളെ വാഹനത്തിൽ സംഭവം നടന്ന കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിലേക്ക് എത്തിച്ചത്. എന്നാൽ, ഇവിടെയും ജനങ്ങൾ പ്രതിഷേധവുമായി എത്തിയതോടെ തെളിവെടുപ്പ് പൂർത്തിയാക്കാനായില്ല. പിന്നാലെ കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

ഞായർ പുലർച്ചെ രണ്ടോടെയാണ് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്‌ഷനിലെ റൗണ്ട് എബൗട്ടിന് സമീപം മൂന്ന് യുവാക്കളെ ക്രൂര മർദനത്തിനിരയായത്. കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ബൈക്ക് യാത്രക്കാരായ മൂവരെയും മര്‍ദിച്ചത്.

വാഴക്കാല സ്വദേശികളായ പ്രവീൺ, നിസാം, പടമുകൾ സ്വദേശി മുഹമ്മദ് ഷാഫി എന്നിവർക്കാണ് മർദനമേറ്റത്. നിസാമിന്റെ മൂക്കിനും ചുണ്ടിനും ഗുരുതര പരിക്കേറ്റു. റോഡിൽ വീണുകിടന്ന പ്രവീണിന്റെ തലക്ക് പ്രതികൾ ചവിട്ടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറിൽ രക്തസ്രാവവുമുണ്ട്. പ്രവീൺ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിലും ഷാഫിയും നിസാമും എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ​

കാറിൽ ഉണ്ടായിരുന്ന മൂന്നംഗ ഗുണ്ടാ സംഘം യുവാക്കളെ തടഞ്ഞുനിര്‍ത്തി കൊലവിളി നടത്തുകയും ആക്രമിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. 

Tags:    
News Summary - Public Rage Over Brutal Assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.