ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം: കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ. ആരോപണവിധേയരായ പൊലീസുകാർക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കർശന നടപടി നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരത്തിലേക്ക് നീങ്ങും. മരിച്ച സിയാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
കേരളത്തിലെ പൊലീസുകാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. അതിനാൽ സ്റ്റേഷനുകളിൽ സ്ഥിരമായിട്ടുള്ള പൊലീസുകാരെ മാറ്റണം. വാരിയെല്ല് പൊട്ടുന്നത് വരെ മർദിക്കുന്നത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘മർദനത്തിൽ യുവാവിന്റെ വാരിയെല്ല് പൊട്ടി, ഉള്ള് പഴുത്ത് ഗുരുതരാവസ്ഥായിലായിരുന്നു. കുണ്ടറ സ്റ്റേഷനിലെ പൊലീസ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഒരു ഉത്സവസ്ഥലത്ത് പെൺകുട്ടികളെയടക്കം മർദിച്ചത്. നമ്മുടെ നാട്ടിലെ പൊലീസുകാർ അവർക്ക് തോന്നുന്ന തരത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഞാൻ തന്നെ പലപ്പോഴും ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുള്ളതാണ്. സ്റ്റേഷനുകളിൽ സ്ഥിരമായിട്ടുള്ള പൊലീസുകാരെ മാറ്റണം. ഒരിടത്ത് തന്നെ വേരുറച്ചത് കൊണ്ട് നിരവധി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചില പൊലീസുകാർ ചെയ്യുന്നുണ്ട്.’ -അവർ പറഞ്ഞു.
പൊലീസുകാരോട് വ്യക്തിപരമായി ഒരു വിദ്വേഷവുമില്ല. അവർ തങ്ങളുടെ ജോലി വേണം ചെയ്യേണ്ടത്. നാട്ടിലെ പൗരന്മാർക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. പരാതി ലഭിച്ചാൽ അറസ്റ്റ് ചെയ്യാം, എന്നാൽ, വരുന്ന വഴിക്ക് വാരിയെല്ല് പൊട്ടുന്നത് വരെ മർദിക്കുക എന്നൊക്കെ പറഞ്ഞാൽ എന്തൊരു കഷ്ടമാണ്!. ഇത് അതീവ ഗുരുതരമാണ്. സംഭവം കൃത്യമായി അന്വേഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയാറാകണമെന്നും മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.
കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് ആശുപത്രിയിൽ മരിച്ചത്. പൊലീസ് കൊണ്ടുപോകുന്നതിനിടെ സ്റ്റേഷനിൽ വെച്ച് പൊലീസുകാരുടെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പൊലീസിന്‍റെ ക്രൂരമായ മർദനവും പരിക്കുകളും കാരണം അവശനായ സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.