മരച്ചുവട്ടിലായി കിടക്കുന്ന കടുവ റിയാസിന്റെ കാമറയിൽ പതിഞ്ഞപ്പോൾ
മൂന്നാർ: കൺമുന്നിൽ കടുവയെ കണ്ടതിന്‍റെ അമ്പരപ്പ് മാറിയിട്ടില്ല വയനാട് സ്വദേശിയായ റിയാസ് മുഹമ്മദിന്. കഴിഞ്ഞ വെള്ളിയാഴ്ച സുഹൃത്തുക്കളോടൊപ്പം കൊളുക്കുമലയിൽ ട്രക്കിങിന് പോയപ്പോഴാണ് അപ്രതീക്ഷിതമായി ഞെട്ടലുണ്ടാക്കുന്ന ആ കാഴ്ച കണ്ടത്.
പ്രദേശത്തെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കുറച്ച് ദൂരെ മാറി ചെറിയ മരച്ചുവട്ടിലായി കടുവ കിടക്കുന്നു. ഉടൻ തിരിഞ്ഞോടി. അറിയാതെയാണെങ്കിലും ദൃശ്യം മൊബൈലിൽ പതിയുകയും ചെയ്തു. ഇതിനകം 40 പ്രാവശ്യമെങ്കിലും ഇതേ സ്ഥലത്ത് പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരനുഭവമെന്ന് റിയാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വയനാട് അട്ടമല സ്വദേശിയായ റിയാസിന് ചൂരൽമല ദുരന്തത്തിൽ വീടടക്കം എല്ലാം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ കൽപറ്റയിൽ വാടകക്കാണ് കുടുംബം കഴിയുന്നത്.
കൊളുക്കുമല ഉൾപ്പെടുന്ന ദേവികുളം റേഞ്ചിൽ നേരത്തെ കടുവയുടെ സാന്നിധ്യമുണ്ട്. പ്രദേശത്ത് കടുവ പശുക്കളെ ആക്രമിച്ച് കൊല്ലുന്നതും പതിവാണ്. കേരള- തമിഴ്നാട് അതിർത്തി പ്രദേശമായ കൊളുക്കുമലയിലേക്ക് നിരവധി സഞ്ചാരികളാണ് ദിവസേന എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.