‘ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട, അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തില്ല,’ കെ.ജെ. ഷൈനിന് പിന്തുണയുമായി നടി റിനി ആൻ ജോർജ്

കൊച്ചി: സൈബർ ആക്രമണത്തിൽ സി.പി.എം വനിത നേതാവ് കെ.ജെ. ഷൈനിന് സമൂഹമാധ്യമത്തിൽ പിന്തുണയുമായി നടി റിനി ആൻ ജോർജ്. സ്വന്തമായി അഭിപ്രായം പറയുന്നവരും പൊതുരംഗത്ത് പ്രവർത്തിക്കുന്നവരുമായ സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും തളർത്താനാവില്ലെന്നും ഉമ്മാക്കികൾ കാണിച്ച് വിരട്ടാമെന്ന് കരുതണ്ടെന്നുമാണ് റിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഷൈനിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.

റിനിയുടെ പോസ്റ്റിൻറെ പൂർണരൂപം:

സ്വന്തമായി അഭിപ്രായങ്ങൾ പറയുന്നതും പൊതു രംഗത്ത് പ്രവർത്തിക്കുന്നതുമായ സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക് ആട്ടിപ്പായിക്കാം എന്ന് കരുതുന്നവരോട്... ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട... അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തുകയില്ല മറിച്ച് അത് കൂടുതൽ ശക്തി പകരും..മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ ഊർജം നൽകും... സൈബർ ഇടങ്ങളിലെ സ്ത്രീ ഹത്യക്കെതിരെ ജാതി മത രാഷ്ട്രീയ പ്രായ ഭേദമന്യെ സ്ത്രീകൾ പോരാടുക തന്നെ ചെയ്യും...


അതേസമയം, കേസിൽ ഒന്നാം പ്രതി സി.കെ. ഗോപാലകൃഷ്ണൻ എറണാകുളം സെഷൻസ് കോടതിയിൽ ചൊവ്വാഴ്ച മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചു. കോൺഗ്രസ് പ്രാദേശിക നേതാവായ ഗോപാലകൃഷ്ണനോടും കെ.എം ഷാജഹാനോടും ചൊവ്വാഴ്ച എറണാകുളം റൂറൽ സൈബർ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഗോപാലകൃഷ്ണൻ കോടതിയെ സമീപിച്ചത്.

ഇടതു പക്ഷ അധ്യാപക സംഘടനാ നേതാവായ കെ.ജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ അധിക്ഷേപ പ്രചാരണത്തിന് തുടക്കമിട്ടത് കെ.എം ഷാജഹാനും പറവൂരിലെ കോണ്‍ഗ്രസ് നേതാവായ ഗോപാലകൃഷ്ണനുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരെയും പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണന്റെ വീട്ടിൽ നടത്തിയ പരിശോധന നടത്തിയ പൊലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു.

ഫോണ്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസിൻറെ പ്രതീക്ഷ. കൊണ്ടോട്ടി അബു എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമ യാസിർ എടപ്പാളിനെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

Tags:    
News Summary - rini ann george support kj shine over cyber attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.