തിരുവനന്തപുരം: 'തരത്തിൽ പോയി കളിക്കാൻ' തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് നേമം സ്ഥാനാർഥി വി. ശിവൻകുട്ടി. കേരളത്തിലെ മുഖ്യമന്ത്രിയെ ഇങ്ങനെ എന്തെല്ലാം പറയുന്നു. അദ്ദേഹത്തെ അപമാനിക്കുന്നു. യു.പി മുഖ്യമന്ത്രിക്ക് നേരെയും ഗുജറാത്ത് മുഖ്യമന്ത്രിക്ക് നേരെയും ഇതുപോലുള്ള പരാമർശം നടത്താൻ രേവന്ത് റെഡ്ഡിക്ക് ധൈര്യമുണ്ടോയെന്നും വി. ശിവൻകുട്ടി ചോദിച്ചു. ഇങ്ങനെ പറയുന്നവരോട് മലയാളികൾക്ക് പറയാനുള്ളത് തരത്തിൽ പോയി കളിക്കണമെന്ന് മാത്രമാണെന്നും ശിവൻകുട്ടി പറഞ്ഞു. നേമത്ത് കോൺഗ്രസ് സ്ഥാനാർഥി ശബരിനാഥിന്റെ പ്രചാരണത്തിന് എത്തിയതായിരുന്നു രേവന്ത് റെഡ്ഡി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോഹൽലാൽ സിനിമയുടെ മാസ് ഡയലോഗ് അടിച്ചായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം. നീ പോ മോനേ ദിനേശാ എന്ന് സിനിമ ഡയലോഗ് ആദ്യം പറയുകയും അതല്ലെന്ന് കൈകൊണ്ട് ആഗ്യം കാണിച്ച് നീ പോ മോനേ വിജയാ എന്ന് പറയുകയായിരുന്നു. പിണറായി വിജയന്റെ എക്പയറി ഡേറ്റ് കഴിഞ്ഞെന്നും യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
പിണറായി വിജയനും നരേന്ദ്രമോദിയും സഹോദരൻമാരാണെന്ന് രേവന്ത് റെഡ്ഡി വിമർശിച്ചു. ഈ രണ്ടുപേരും ചേർന്ന് കേരളത്തെ നശിപ്പിച്ചു. എൽ.ഡി.എഫിന് ലഭിക്കുന്ന ഓരോ വോട്ടും മോദിക്ക് ലഭിക്കുന്നതിന് തുല്യമാണ്. യു.ഡി.എഫിനെ തോൽപിക്കാനായി ബി.ജെ.പി അവരുടെ വോട്ടുകൾ മറിക്കുകയാണെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു. പൂന്തുറയിൽ നടന്ന റോഡ് ഷോയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും പങ്കെടുത്തു. വി.ഡി. സതീശൻ ഉയർത്തിയ ഡീൽ വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വി.ഡി. സതീശൻ സംവാദത്തിന് ക്ഷണിച്ചത്. സംവാദമാക്കാം എന്ന് മുഖ്യമന്ത്രി അറിയിച്ചത്തോടെ, സംവാദത്തിനുള്ള സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് വി.ഡി. സതീശൻ പറഞ്ഞു. എന്നാല്‍, സംവാദം സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെയാവാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്. എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. യു.ഡി.എഫിന്റെ തീരുമാനമാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താൻ പറഞ്ഞത്. അവസരവാദത്തിന്റെ ആള്‍രൂപമായി മുഖ്യമന്ത്രി മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു. വയനാട്ടിൽ വീട് നിർമിക്കുന്നതിനായി കോൺഗ്രസ് പിരിച്ച പണത്തിന് സി.പി.എമ്മിന് കണക്ക് കൊടുക്കേണ്ട ബാധ്യതയില്ല.
വിഴിഞ്ഞം പദ്ധതിയുടെ പണി ആരംഭിച്ചതും സ്ഥലം ഏറ്റെടുത്തതും ഉമ്മന്‍ ചാണ്ടിയാണ്. ആ പദ്ധതി കൊണ്ട് വന്നപ്പോള്‍ 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടമാണെന്നും കടല്‍ക്കൊള്ളയാണെന്നും പറഞ്ഞ പിണറായി വിജയനാണ് ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. കൈരളിക്കും ദേശാഭിമാനിക്കും മാത്രമെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ സാധിക്കൂ. കൈരളിയും ദേശാഭിമാനിയും അല്ലാത്ത മാധ്യമങ്ങളെ മുഖ്യമന്ത്രി ചീത്ത വിളിക്കുന്നതും മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ച് പറയുന്നതുമൊക്കെ ഇന്നലെ വലിയ വാര്‍ത്തയായിരുന്നു. എനിക്കെതിരെ ദിവസേന 20 കാര്‍ഡും പത്ത് വിഡിയോയും ഇറക്കണമെന്ന് എ.കെ.ജി സെന്ററില്‍നിന്നും നിര്‍ദേശിച്ചത്.
എഫ്.സി.ആര്‍.എയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങളും അവരുടെ സ്വത്തുക്കളും സ്ഥാപനങ്ങളും തട്ടിയെടുക്കുന്നതിനു വേണ്ടിയുള്ള വര്‍ഗീയ ലക്ഷ്യത്തോടെയാണ് നിയമഭേദഗതി കൊണ്ടു വരുന്നത്. അതേ സംഘ്പരിവാറാണ് കേരളത്തില്‍ വന്ന് ഈസ്റ്ററിനും ക്രിസ്മസിനും കേക്ക് കൊടുക്കുന്നത്. ക്രിസ്ത്യാനികളെയും മുസ്ലീംകളെയും തമ്മിലടിപ്പിക്കാനാണ് ഇവര്‍ നേരത്തെ വഖഫ് ബില്‍ കൊണ്ടുവന്നത്. അതിന് സി.പി.എമ്മും കുടപിടിച്ചു കൊടുത്തുവെന്നും വി.ഡി. സതീശൻ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.