വിവാഹ ആഭരണത്തിന്​ തെളിവില്ലാത്തത്​ വിവാഹമോചന സമയത്ത് നീതിനിഷേധത്തിന്​ കാരണമാവരുത്; രേഖമൂലമുള്ള തെളിവുകൾ വേണ്ടതില്ല​​ -ഹൈകോടതി

കൊച്ചി: വിവാഹസമയത്ത്​ സ്ത്രീകൾക്ക്​ നൽകുന്ന സ്വർണാഭരണത്തിന്​ രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തത്​ നീതിനിഷേധത്തിന്​ കാരണമാവരുതെന്ന്​ ഹൈകോടതി. ഇത്തരം ആഭരണങ്ങളുടെ കൈമാറലുകൾക്ക്​ സ്വകാര്യ സ്വഭാവമുള്ളതിനാൽ സ്ത്രീകൾക്ക്​ തെളിവുകൾ ഹാജരാക്കാനാവാത്ത അവസ്ഥയുണ്ടെന്ന്​ വിലയിരുത്തിയാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ്​ എം.ബി. സ്​നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ നിരീക്ഷണം.

സത്യം തിരിച്ചറിയാവുന്ന സന്ദർഭത്തിൽ രേഖമൂലമുള്ള ശക്തമായ മറ്റ്​ തെളിവുകൾ വേണ്ടതില്ലെന്ന തത്ത്വം ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ്​ ഈ സാഹചര്യങ്ങളിൽ കോടതികളിൽനിന്നുണ്ടാകേണ്ടത്​. സാധ്യത വിലയിരുത്തി അതിൽ മുൻതൂക്കം പരിഗണിച്ച്​ ​വേണം തീരുമാനമെടുക്കാനെന്നും ഡിവിഷൻബെഞ്ച്​ വ്യക്തമാക്കി.

ഭർത്താവുമായി പിരിഞ്ഞതിനെത്തുടർന്ന്​ വിവാഹസമയത്ത്​ തനിക്ക്​ തന്ന സ്വർണാഭരണങ്ങളും വീട്ടുസാധനങ്ങളും തിരികെ നൽകണമെന്ന ആവശ്യം എറണാകുളം കുടുംബകോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശിനി നൽകിയ അപ്പീൽ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. വിവാഹസമയത്ത്​ ഹരജിക്കാരിക്ക്​ മാതാപിതാക്കളും ബന്ധുക്കളുമടക്കം 71 പവൻ സ്വർണാഭരണങ്ങൾ നൽകിയെന്നായിരുന്നു വാദം. എന്നാൽ, ഈ ആഭരണങ്ങൾ ഗർഭിണിയായ സമയത്ത്​ ഹരജിക്കാരി തിരികെ കൊണ്ടുപോയെന്ന ഭർത്താവിന്‍റെ വാദം ശരിവെച്ചാണ്​ കുടുംബ കോടതി ഉത്തരവുണ്ടായത്​. തന്‍റെ സ്വർണാഭരണങ്ങൾ ഭർതൃവീട്ടുകാർ വിട്ടുതന്നിട്ടില്ലെന്ന്​ തെളിയിക്കാൻ ഹരജിക്കാരിക്ക്​ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.

വിവാഹസമയത്ത്​ പെൺകുട്ടികൾക്ക്​ കൊടുത്തയക്കുന്ന സ്വർണാഭരണങ്ങൾ ഭർത്താക്കന്മാരും ബന്ധുക്കളും ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകൾ നിലവിലുള്ളതായി കോടതി ചൂണ്ടിക്കാട്ടി.

ഗാർഹിക പീഡനക്കേസുകളും സ്ത്രീധന പീഡനക്കേസുകളും വരുമ്പോഴാണ്​ ആഭരണങ്ങൾ തിരികെ തരുന്നില്ലെന്ന വിവരം സ്ത്രീകൾ പറയുക. എന്നാൽ, ഉടമസ്ഥാവകാശം തെളിയിക്കൽ ബുദ്ധിമുട്ടാണ്​. ഇത്തരം സാഹചര്യത്തിൽ ക്രിമിനൽ കേസിലെപ്പോലെ വ്യക്തമായ തെളിവുകൾ ആവശ്യപ്പെടാനാവില്ലെന്ന വസ്തുത ബന്ധപ്പെട്ട കോടതികൾ മനസ്സിലാക്കണമെന്നും വ്യക്തമാക്കിയാണ്​ കോടതി ഉത്തരവ്​.

വിവാഹസമയത്ത്​ നൽകിയ സ്വർണാഭരണവുമായി ബന്ധപ്പെട്ട്​ ഹരജിക്കാരി നൽകിയ വിശദീകരണം തന്നെ പിതാവും നൽകി. സാമ്പത്തികമായി മെച്ചമായ അവസ്ഥയിലായതിനാൽ 65 പവൻ നൽകാനുള്ള ശേഷി മാതാപിതാക്കൾക്കുള്ളതായും ഇത്രയും സ്വർണാഭരണങ്ങൾ നൽകിയെന്ന ഇരുവരുടെയും വാദം ത​ള്ളേണ്ടതില്ലെന്നും കോടതി വിലയിരുത്തി. മാത്രമല്ല, സ്വർണം തിരികെ സ്വന്തം വീട്ടിലേക്ക്​ ഹരജിക്കാരി കൊണ്ടുപോയി എന്ന ഭർത്താവിന്‍റെ വാദം വിശ്വസനീയവുമല്ല. പിതാവ്​ 59.5 പവൻ സ്വർണം വിവാഹ സമയത്ത്​ നൽകിയെന്നത്​ ജ്വല്ലറിയുടെയും മറ്റും വിശദാംശങ്ങളിൽനിന്ന്​ വ്യക്തമാണ്​. അതിനാൽ, ഇത്രയും സ്വർണാഭരണങ്ങളോ വിപണി മൂല്യത്തിനൊത്ത തുകയോ ഹരജിക്കാരിക്ക്​ നൽകണമെന്ന്​ ഭർത്താവിനോട്​ കോടതി നിർദേശിച്ചു.

അതേസമയം, വീട്ടുസാധനങ്ങൾ സംബന്ധിച്ച വിശ്വസനീയമായ തെളിവുകളൊന്നും നൽകാനാവാത്തതിനാൽ ഭർതൃവീട്ടുകാർ ദുരുപയോഗം ചെയ്​തെന്ന വാദവും തിരിച്ചുനൽകണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്ന്​ കോടതി വ്യക്തമാക്കി.

Tags:    
News Summary - return of ornaments after divorce kerala high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.