വൈത്തിരി: വയനാട് ചുരത്തിലെ വളവുകളുടെ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ബുധനാഴ്ച പുനരാരംഭിച്ചു. ആറാം വളവിലാണ് പ്രവൃത്തികൾ തുടങ്ങിയത്. വാഹനങ്ങളുടെ സഞ്ചാരം ക്രമീകരിച്ചായിരുന്നു പണി തുടങ്ങിയതെങ്കിലും പലപ്പോഴും ഗതാഗതകുരുക്കുണ്ടായി. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. മഴ കനക്കുന്നത് കണക്കിലെടുത്ത് ബുധനാഴ്ച മുതൽ ചുരത്തിലൂടെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് കോഴിക്കോട് ജില്ല കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഒരു മാസം മുമ്പ് നടക്കേണ്ടിയിരുന്ന വീതികൂട്ടൽ പ്രവൃത്തികൾ ഇതിനായി കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രം താഴ്ചയിലേക്ക് മറിഞ്ഞതിനെ തുടർന്നാണ് നീട്ടിവെച്ചത്. വലിയ മൾട്ടി ആക്സിൽ വാഹനങ്ങളുടെ യാത്രക്കാണ് രാവിലെ ആറുമണി മുതൽ രാത്രി എട്ടു വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ആക്സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ, മറ്റ് വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവക്കാണ് നിയന്ത്രണം. നിയന്ത്രണം നടപ്പാക്കാൻ കോഴിക്കോട്, വയനാട് പൊലീസ് സംയുക്തമായാണ് നടപടി സ്വീകരിക്കുന്നത്. കൽപറ്റയിലും വൈത്തിരിയിലുമായി ഇത്തരം വാഹനങ്ങൾ പൊലീസ് തടയുകയാണ്. വിവരം അറിയാതെയെത്തിയ ചരക്കുലോറി ഡ്രൈവർമാരടക്കം വലഞ്ഞു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.