തിരുവനന്തപുരം: നെല്ല് സംഭരണത്തിന് സഹകരണ- കർഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സർക്കാർ. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉപയോഗിച്ചുള്ള ദ്വിതല സംഭരണ മാതൃക നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വരുന്ന സീസണില്‍ തന്നെ ഈ സംവിധാനം നിലവില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.
നെല്ല് സംഭരണത്തിന് തയ്യാറായി വരുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽനിന്ന് നേരിട്ട് നെല്ല് സംഭരിക്കും. പി.ആർ.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ തന്നെ നെല്ലിന്റെ വില കർഷകന് നൽകും. ജില്ലാ/ താലൂക്ക് തലത്തിൽ, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘം രൂപീകരിക്കും.
സഹകരണ സംഘങ്ങൾ വഴി അതാത് പ്രദേശങ്ങളിലെ നെല്ല് സംഭരിക്കും. നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകൾ വഴിയോ നെല്ല് സംസ്‌കരണം നടത്തും. നിശ്‌ചയിച്ച ഔട്ട്-ടേൺ റേഷ്യോ പ്രകാരം നെല്ല് സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും. നിലവിൽ സ്വകാര്യ മില്ലുകൾക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസ്സിംഗ് ചാർജും നോഡൽ സംഘങ്ങൾക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസി സപ്ലൈകോ ആയിരിക്കും.
മിച്ച ഫണ്ടിന്റെ അപര്യാപ്തത മൂലം നെല്ല് സംഭരണത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത സഹകരണ സംഘങ്ങൾക്കായി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്പ പദ്ധതി രൂപീകരിക്കും. നോഡൽ സഹകരണ സംഘങ്ങൾക്ക് ആവശ്യമായി വരുന്ന പ്രവർത്തന മൂലധന വായ്പ കേരള ബാങ്ക് വഴി നൽകും.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സഹകരണ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, കൃഷി വകുപ്പ്, പാടശേഖരസമിതികൾ, നെല്ല് കർഷക പ്രതിനിധി, കേരള ബാങ്ക്, നോഡൽ സഹകരണ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിക്കും. നെല്ല് സംഭരണം , തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റൽ പോർട്ടൽ സംവിധാനം ഏർപ്പെടുത്തും.
സംഭരണ സമയത്ത് തന്നെ കർഷകർക്ക് നെല്ലിന്റെ സംഭരണ തുക ലഭ്യമാകും. നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിലൂടെ ഉല്പന്നം നശിക്കുന്നില്ല എന്ന് ഉറപ്പാക്കും. ഭാവിയിൽ, സഹകരണ ബ്രാന്ഡിംഗിലൂടെ വിലസ്ഥിരതയും മൂല്യവർദ്ധനവും ഉറപ്പാക്കാനാകും. സംഭരണത്തിനുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടും. കേരളത്തിന്റെ സ്വന്തം അരി ‘കേരള റൈസ്’ പുറത്തിറക്കാനുള്ള സാധ്യത കൂടിയാണ് ഈ മാതൃക മുന്നോട്ട് വെക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.