സംവരണ വിഷയത്തിൽ ഇടതിനും വലതിനും ഒരു നയം- വെള്ളാപ്പള്ളി നടേശന്‍

ചേർത്തല: സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമരത്തിന് വേണ്ടി വിളിക്കുമ്പോൾ ചെല്ലാനും പിന്നെ കരിമ്പിൻ ചണ്ടി പോലെ കളയാനും ഇനി ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യു.ഡി.എഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. സാമ്പത്തിക സംവരണത്തെ എതിര്‍ത്തുള്ള എസ്.എൻ.ഡി.പിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്നാക്ക സംവരണം നയമായി സ്വീകരിച്ച യു.ഡി.എഫിനൊപ്പം തുടരുന്ന ലീഗിന്‍റെ നിലപാട് ഇരട്ടത്താപ്പാണ്. സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന ഇരു മുന്നണികളിലേയും രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച സമരത്തിന് തയാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

സംവരണ പോരാട്ടത്തിലെ പ്രധാന നീക്കമായിരുന്ന ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയ ഡോ പല്‍പ്പുവിന്‍റെ ജന്മദിനമായ നവംബര്‍ രണ്ട് ജനസംഖ്യാ ആനുപാതിക പ്രാതിനിധ്യ അവകാശ ദിനമായി ആചരിക്കാനാണ് എസ്.എന്‍.ഡി.പി യോഗം യൂണിയനുകൾക്ക് നൽകിയ നിർദ്ദേശം. കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളി നടേശന്‍‌ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയില്‍ അംഗങ്ങള്‍ സംവരണ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.