ആലപ്പുഴ: നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ ക്രൂരമായി മർദിച്ച കേസ് അട്ടിമറിക്കാൻ പൊലീസിൽ ഉന്നതതല നീക്കമുണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി) കണ്ടെത്തൽ. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും.
ഗൺമാന്മാരെ സഹായിക്കാൻ കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയെന്ന നിർണായക മൊഴിയും മുൻ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ റിപ്പോർട്ട് മുൻ സർക്കാർ പൂഴ്ത്തിയെന്ന വിവരവും എസ്.ഐ.ടിക്ക് ലഭിച്ചു. പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി മുൻ ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർ പരിഗണിച്ചില്ല. ഇതിനുപിന്നാലെ ചൈത്ര തെരേസ ജോണിനെ ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്ക് സ്ഥലംമാറ്റിയിരുന്നു. സുരക്ഷ ജീവനക്കാരുടെ നടപടി പൊലീസുകാർക്ക് അവമതിപ്പുണ്ടാക്കിയെന്നും നടപടി ചട്ടവിരുദ്ധമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കേസ് ഡയറി തിരുത്തിയെന്ന മൊഴിയും ലഭിച്ചിട്ടുണ്ട്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, എസ്.ഐ, പൊലീസുകാർ അടക്കമുള്ളവരുടെ മൊഴിയിലാണ് തിരുവനന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയെന്ന സൂചന ലഭിച്ചത്. അന്ന് കേസന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി സമ്മർദത്തിലാക്കിയെന്നും കണ്ടെത്തി.
ആലപ്പുഴ സൗത്ത് പൊലീസാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ദൃക്സാക്ഷികളടക്കമുള്ളവരുടെ മൊഴിയും സാഹചര്യതെളിവുകളും പിണറായിയുടെ ഗൺമാന്മാർക്ക് എതിരായിരുന്നു. സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്യാൻ നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. പിന്നീട് ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തെത്തിയാണ് മൊഴിയെടുത്തത്. പിണറായിയുടെ ഓഫിസിൽ നിന്നുള്ള ഇടപെടലും രാഷ്ട്രീയ സ്വാധീനവും കാരണം കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു.
ക്രൈംബ്രാഞ്ച് എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ പുരോഗമിക്കുന്നത്. ‘രക്ഷാപ്രവർത്തനം’ എന്ന് പിണറായി വിശേഷിപ്പിച്ച സംഭവത്തിൽ മർദനത്തിനിരയായ ആലപ്പുഴ എം.എൽ.എ എ.ഡി. തോമസിന്റെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിന്റെയും മൊഴി ശനിയാഴ്ച രേഖപ്പെടുത്തും. നേരത്തെ നൽകിയ വിഡിയോ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനഫലം വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇത് ഉടൻ കോടതിക്ക് കൈമാറും.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയ പ്രധാന സാക്ഷി ജയ്ഹിന്ദ് കാമറമാൻ ജോജിമോനിൽനിന്ന് എസ്.ഐ.ടി മൊഴിയെടുത്തു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചുവരുത്തിയാണ് എസ്.ഐ.ടി തലവൻ എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ അഞ്ചംഗസംഘം വിശദമായ വിവരങ്ങൾ ശേഖരിച്ചത്.
കേസിൽ നിർണായക തെളിവാകുന്ന ക്രൂരമർദനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയ ജോജിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. മൊഴിയെടുക്കൽ ഒന്നരമണിക്കൂർ നീണ്ടുനിന്നു. അന്നു പകർത്തിയ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി. സംഭവദിവസത്തെ വിഡിയോ കാണിച്ച് ആലപ്പുഴ എം.എൽ.എ എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിനെയും വളഞ്ഞിട്ട് ആക്രമിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥരടക്കമുള്ളവരെ തിരിച്ചറിഞ്ഞു. തെളിവായി ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ച വേളയിൽ മൊഴിമാറ്റാൻ ഭീഷണിയുണ്ടായിരുന്നുവെന്നതും എസ്.ഐ.ടിയെ ധരിപ്പിച്ചു. നേരത്തെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കിയെങ്കിലും പൊലീസ് സ്വീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.