തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിലെ വിശദ റിപ്പോർട്ടിൽ പേര് പരാമർശിക്കപ്പെട്ടാൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ നടപടി ഉറപ്പായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടപടിയുണ്ടാകുമെന്ന നിലയിലാണ് പ്രതികരണം നടത്തിയത്. അജിത്കുമാറിന്‍റെ ഇടപെടൽ വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിക്കുകയാണ് എസ്.ഐ.ടി. ഇതിനായി കൂടുതൽ പേരുടെ മൊഴിയെടുക്കുന്നുണ്ട്. ‘രക്ഷാപ്രവർത്തന’ത്തിൽ ഉൾപ്പെട്ട പിണറായി വിജയന്റെ മുൻ ഗൺമാൻ ഉൾപ്പെടെ ഒളിവിലാണ്.
ആലപ്പുഴയിൽവെച്ച് നിലവിലെ എം.എൽ.എ എ.ഡി. തോമസ് ഉൾപ്പെടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അഞ്ച് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. യു.ഡി.എഫ് സർക്കാർ നിയോഗിച്ച എസ്.ഐ.ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ, അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാർ കേസ് ഡയറി തിരുത്തിച്ചെന്ന ആക്ഷേപം അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉന്നയിച്ചിട്ടുണ്ട്. കേസന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ള മൊഴി എസ്.ഐ.ടിക്ക് നൽകിയതായാണ് വിവരം. തിരുവനന്തപുരത്തെ എ.ഡി.ജി.പിയുടെ ഓഫിസിൽ വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്തിച്ചതിന്റെ സ്ഥിരീകരണവും എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്.
എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ആദ്യം സമർപ്പിച്ച റിപ്പോർട്ടിൽ എ.ഡി.ജി.പിയുടെ ഇടപെടൽ വ്യക്തമാക്കിയില്ലെന്നാണ് ആഭ്യന്തരമന്ത്രി ഉൾപ്പെടെ പറയുന്നത്. വിശദമായ റിപ്പോർട്ട് ദിവസങ്ങൾക്കകം എസ്.ഐ.ടി സമർപ്പിക്കും. ഇതിൽ അജിത് കുമാറിന്‍റെ പേര് വന്നാൽ നടപടിയുണ്ടാകും. ആലപ്പുഴ സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടറാണ് കേസ് ഡയറി തയാറാക്കിയത്. ആ ഡയറി തിരുത്തി ഗൺമാൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയെന്ന നിലയിലാണ് ഇപ്പോൾ എസ്.ഐ.ടി. അന്വേഷണം നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.