വാടകക്ക് ഹെലികോപ്ടര്‍: സേവനം ലഭ്യമാക്കുന്നത് തുടരണമെന്ന ആവശ്യം, സർക്കാറിന് കത്ത് നൽകി ഡി.ജി.പി

തിരുവനന്തപുരം: വാടകക്ക് ഹെലികോപ്ടര്‍ സേവനം ലഭ്യമാക്കുന്നത് തുടരണമെന്ന ആവശ്യവുമായി ഡി.ജി.പി റവാഡ ചന്ദ്രശേഖർ. നിലവിലുള്ള ഹെലികോപ്ടറിന്‍റെ കരാര്‍ കാലാവധി ആഗസ്റ്റിൽ അവസാനിക്കാനിരിക്കെയാണ് ഡി.ജി.പി സര്‍ക്കാറിന് കത്ത് നല്‍കിയത്. സര്‍ക്കാറിന്റെയും പൊലീസിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഹെലികോപ്ടര്‍ അനിവാര്യമാണെന്നും കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതിൽ എന്ത് തീരുമാനമെടുക്കും എന്നാണ് കാത്തിരിക്കുന്നത്.

പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് ഹെലികോപ്ടർ വാടകക്കെടുത്തതിൽ യു.ഡി.എഫ് വലിയ രാഷ്ട്രീയ വിമർശനം ഉയർത്തിയിരുന്നു. ഇത് അനാശ്യ ധൂർത്തെന്നായിരുന്നു അന്ന പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫിന്റെ ആരോപണം. സംസ്ഥാനത്തെ അവയവദാനത്തിനും പ്രളയകാലത്തെ പ്രവർത്തനങ്ങൾക്കും ഉൾപ്പെടെ ഹെലികോപ്ടറിന്റെ പ്രയോജനം സംസ്ഥാനത്ത് ഉപയോഗപ്പെടുത്തിയിരുന്നു.

അതേസമയം, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്ടറാണ് സംസ്ഥാന സർക്കാർ വാടകക്ക് എടുത്തിരുന്നത്. പ്രതിമാസം 80 ലക്ഷം രൂപയാണ് വാടക. മാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വേണ്ടത്. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം. മുഖ്യമന്ത്രിയുടെ അടിയന്തര യാത്രാ ആവശ്യങ്ങൾക്ക് പുറമെ മാവോവാദി നിരീക്ഷണം, ദുരന്തമേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ പൊലീസ് ആവശ്യങ്ങൾക്കും ഹെലികോപ്‌റ്റർ ഉപയോഗിക്കും. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. മൂന്ന് വർഷത്തേക്കാണ് കരാർ.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റർ വാടകക്ക് എടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാൽ, തീരുമാനത്തിൽ ഉറച്ചുനിന്ന് സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. ഒന്നാം പിണറായി സർക്കാർ പവൻ ഹംസ് കമ്പനിയിൽനിന്ന് 22.21 കോടി ചെലവഴിച്ചായിരുന്നു ഹെലികോപ്റ്റർ‍ വാടകക്ക് എടുത്തിരുന്നത്. പക്ഷെ, കാര്യമായ പ്രയോജനം ഉണ്ടായില്ല.

Tags:    
News Summary - Helicopter for hire: DGP writes to government demanding continuation of service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.