യുവാവിന്‍റെ സിസിടിവി ദൃശ്യം
കോഴിക്കോട്: കല്യാണവീട്ടിലേക്ക് കൊണ്ടുപോകാനെന്ന് പറഞ്ഞ് വാടകസ്റ്റോറിൽ നിന്ന് പാത്രങ്ങൾ കൊണ്ടുപോയി മറിച്ചുവിറ്റയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. താമരശ്ശേരി പരപ്പൻപൊയിലിലെ ഒ.കെ സൗണ്ട്സ് എന്ന വാടകസ്റ്റോറിൽ നിന്നാണ് ബിരിയാണിച്ചെമ്പ് ഉൾപ്പെടെ കൊണ്ടുപോയത്. ഇവ പിന്നീട് പൂനൂരിലെ ആക്രിക്കടയിൽ വിറ്റതായി കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഒരു യുവാവ് വാടകസ്റ്റോറിലെത്തിയത്. സൽമാൻ എന്നാണ് പേരെന്നും താമരശ്ശേരിക്ക് സമീപത്തെ അണ്ടോണയിലെ വീട്ടിൽ കല്യാണത്തിനായാണ് ബിരിയാണിച്ചെമ്പ് ഉൾപ്പെടെ കൊണ്ടുപോകുന്നത് എന്നുമാണ് ഇയാൾ പറഞ്ഞത്. രണ്ട് ബിരിയാണിച്ചെമ്പ്, രണ്ട് ഉരുളി, ചട്ടുകം, കോരി മുതലായവ ഗുഡ്സ് ഓട്ടോ വിളിച്ചാണ് ഇയാൾ കൊണ്ടുപോയത്. ഫോൺ നമ്പറും അഡ്രസും നൽകിയിരുന്നെങ്കിലും ഇവ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി.
തിങ്കളാഴ്‌ച പാത്രങ്ങൾ തിരികെ എത്തിക്കാതായതോടെ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് ഉടമ തിരിച്ചറിഞ്ഞത്. തന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്. ഇതോടെ സാധനങ്ങൾ കൊണ്ടുപോയ ഗുഡ്സ് ഡ്രൈവറോട് അന്വേഷിച്ചു. അപ്പോഴാണ് പൂനൂരിലെ ആക്രിക്കടക്ക് സമീപമാണ് സാധനങ്ങൾ ഇറക്കിയതെന്ന് മനസ്സിലായത്.
വാടകസ്റ്റോർ ഉടമ ആക്രിക്കടയിലെത്തിയപ്പോൾ ബിരിയാണിച്ചെമ്പ് ഉൾപ്പെടെ അവിടെ കണ്ടെത്തി. ചട്ടുകവും കോരിയും ഒഴികെയുള്ള പാത്രങ്ങളാണ് ഇവിടെ വിറ്റ് പണം വാങ്ങിയത്. ആക്രിക്കട ഉടമയെ കാര്യം അറിയിച്ച ശേഷം വാടകസ്റ്റോർ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.