തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് സങ്കീർണമെന്ന് വിദഗ്ധ സമിതി. സുമയ്യയുടെ നെഞ്ചിലെ രക്തക്കുഴലുകളോട് ഒട്ടിച്ചേർന്ന വയർ പുറത്തെടുക്കുന്നത് അപകടകരമാണെന്നാണ് സമിതി വിലയിരുത്തൽ.
ഇക്കാര്യം യുവതിയെയും കുടുംബത്തെയും ബോധ്യപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. വ്യാഴാഴ്ച ചേർന്ന പ്രത്യേക മെഡിക്കൽ ബോർഡ് യോഗമാണ് ചികിത്സ രേഖകൾ വിശദമായി പരിശോധിച്ച് നിഗമനത്തിലെത്തിയത്.
ശസ്ത്രക്രിയ നടത്തിയാൽ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ട്. വയർ പുറത്തെടുക്കാത്തതാണ് സുരക്ഷിതം. വയർ കിടക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ അനുമാനം. പുറത്തെടുക്കണമെന്ന് സുമയ്യ ആവശ്യപ്പെട്ടാൽ അതിലെ റിസ്ക് ബോധ്യപ്പെടുത്തും. ശ്രീചിത്രയിലെ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ ബോർഡ് തീരുമാനം.
അതേസമയം, ഗുരുതര വീഴ്ചവരുത്തിയ ഡോക്ടർമാർ ഇപ്പോഴും ആശുപത്രിയിൽ ജോലി ചെയ്യുന്നുവെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സുമയ്യക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ശ്വാസംമുട്ടലടക്കം കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചിരുന്നു. അടുത്തദിവസം ഇതിൽ വിശദ പരിശോധന നടത്തും. ഇതിന് ശേഷമായിരിക്കും തുടർചികിത്സയിൽ തീരുമാനം. 2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാറിന്റെ യൂനിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.