കല്ലായിപുഴയിലെ മണ്ണും ചെളിയും നീക്കം ചെയ്യൽ: 7.9 കോടി നൽകിയട്ടും ഒന്നും നടന്നില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: കല്ലായിപുഴയിലെ ജലഒഴുക്കിന് തടസമായ മണ്ണും ചെളിയും തടികളും നീക്കം ചെയ്യുന്നതിന് കോഴിക്കോട് നഗരസഭ 7.9 കോടി നൽകിയട്ടും ഒന്നും നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. മുൻഗണന അടിസ്ഥ‌ാനത്തിൽ ചെയ്യേണ്ട കോഴിക്കോട് നഗരസഭയുടെ പദ്ധതികളിലൊന്നാണിത്. നഗസഭയുടെ കെടാകാര്യസ്ഥതയാണ് പദ്ധതി മുടങ്ങി കിടക്കുന്നതിന് കാരണം.

നഗരസഭ 2020-21ൽ 7.9 കോടി രൂപ ജലസേചന വകുപ്പിൽ ഡെപ്പോസിറ്റ് ചെയ്‌തിരുന്നു. നഗരസഭ മുരിയാട് പാലം മുതൽ കോതി പാലം വരെ കല്ലായി പുഴയിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനാണ് തുക നൽകിയത്. 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിൽ കോഴിക്കോട് നഗരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി നഗരസഭയിലെ എഞ്ചിനീയറിങ് വിഭാഗവും, ജലസേചന വകുപ്പിന്റെ എഞ്ചിനീയറിങ് വിഭാഗവും നടത്തിയ പഠനത്തിൽ കല്ലായി പുഴയിലേക്ക് തുറക്കുന്ന ചെറിയ കനാലുകളിലൂടെയും, അരുവികളിലൂടെയും ഒഴുകി വരുന്ന മണ്ണും ചെളിയും തടികളും കൊണ്ട് കല്ലായി പുഴ നിറഞ്ഞുവെന്ന് കണ്ടെത്തി. അതിനാൽ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ടെന്നും ഇത് വെള്ളപ്പോക്കത്തിന് കാരണമായെന്നും റിപ്പോർട്ട് ചെയ്തു.

തുടർന്ന് 2020-21ൽ കല്ലായി പുഴയിലെ ഈ ഭാഗത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് ഏക വർഷ പദ്ധതി നടപ്പാക്കുന്നതിനായി ജലസേചന വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി. മണ്ണും ചെളിയും തടികളും നീക്കുന്നതിന് 7.5 കോടി രുപയുടെ ചെലവ് കണക്കാക്കി. 15 ാം ധനകാര്യ കമീഷൻ ഗ്രാൻ്റിൽ നിന്നും തുക വകയിരുത്തി ഇത് നടപ്പിലാക്കുന്നതിനായി ജലസേചന വകുപ്പുമായി നഗരസഭ 2021 ഫെബ്രുവരി 26ന് കരാറിൽ ഒപ്പിട്ടു.

2021 ലെ കൗൺസിൽ തീരുമാന പ്രകാരം 7.5 കോടി 2021 മാർച്ച് അഞ്ചിന് ജലസേചന വകുപ്പിൽ ഡെപ്പോസിറ്റ് ചെയ്‌തു. പിന്നീട് ചെളിയിൽ ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഇനം കൂടി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് റിവൈസ് ചെയ്യുകയും അധിക തുകയായ 40 ലക്ഷം കൂടി 2021ഡിസംബർ 23ന് ഡെപ്പോസിറ്റ് ചെയ്തു‌.

2018-19 ൽ അപതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കമാണ് നഗരസഭ പെട്ടെന്ന് തീരുമാനം എടുക്കുന്നതിന് കാരണമായത്. കല്ലായി പുഴ വൃത്തിയാക്കുന്നതിന് ജലസേചനവകുപ്പിന് ഇത്രയും ഭീമമായ തുക കൈമാറിയിട്ടും പ്രവർത്തനം നടന്നില്ല. 2023 ജൂലൈ ആറിന് എഞ്ചിനീയറിങ് വിഭാഗത്തിലെ ഓവർസിയറും ഓഡിറ്റ് സംഘവും ചേർന്ന് മൂരിയാട് ഭാഗത്തുള്ള കല്ലായി പുഴയിൽ സംയുക്ത പരിശോധന നടത്തി. സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയിൽ മരത്തടികൾ നിറഞ്ഞ് കിടക്കുന്ന അവസ്ഥയിൽ തന്നെയാണ് പുഴ.

ജലസേചന വകുപ്പുമായുള്ള കരാർ പ്രകാരം പുഴയിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവർത്തി കരാറുകാരനെ ഏൽപ്പിച്ചിട്ട് അതു പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നഗരസഭയെ അറിയിക്കേണ്ടതാണ്. എന്നാൽ ജലസേചന വകുപ്പിൻ്റെ എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുക ഡെപ്പോസിറ്റ് ചെയ്‌ത് രണ്ടു വർഷത്തോളമായിട്ടും പ്രവർത്തി കരാറുകാരനെ ഏൽപ്പിക്കാത്തതിനാൽ ജലസേചന വകുപ്പിൽ ഡെപ്പോസിറ്റ് ചെയ്ത‌ 7.9 കോടി രൂപ അവിടെതന്നെ കിടക്കുകയാണ്

Tags:    
News Summary - Removal of soil and silt in Kallaipuzha: 7.9 crores paid but nothing done Reportedly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.