പ്രതീകാത്മക ചിത്രം

മുനമ്പം ജനതക്ക് ആശ്വാസം, ഭൂനികുതി സ്വീകരിക്കാൻ സർക്കാറിന് ഹൈകോടതി അനുമതി

കൊച്ചി: വഖഫ് തർക്കം നിലനിൽക്കുന്ന മുനമ്പത്തെ ഭൂമിയിലെ നിലവിലെ കൈവശക്കാരിൽനിന്ന് താൽക്കാലികമായി ഭൂനികുതി ഈടാക്കാൻ ഹൈകോടതി ഉത്തരവ്. മുനമ്പം വിഷയത്തിലെ ജുഡീഷ്യൽ കമീഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അപ്പീൽ ഹരജിയിലെ തീരുമാനത്തിന് വിധേയമായി നികുതി ഈടാക്കാനാണ് ജില്ല കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർക്ക് ജസ്റ്റിസ് സി. ജയചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്.

ഭൂനികുതിയും മറ്റ് റവന്യൂ നടപടികളും സ്വീകരിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയും നികുതി ഈടാക്കുന്നതിനെ എതിർത്ത് കേരള വഖഫ് സംരക്ഷണ വേദിയും സമർപ്പിച്ച ഹരജികളിലാണ് ഇടക്കാല ഉത്തരവ്. ഹരജികൾ വീണ്ടും ഡിസംബർ 17ന് പരിഗണിക്കാൻ മാറ്റി.

വസ്തുവിലെ താമസക്കാരുടെയടക്കം നികുതി സ്വീകരിക്കാൻ കൊച്ചി തഹസിൽദാർ 2022 ഒക്ടോബറിൽ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്താണ് കേരള വഖഫ് സംരക്ഷണവേദിയുടെ ഹരജി. തഹസിൽദാറുടെ നിർദേശമുണ്ടെങ്കിലും നികുതി ഈടാക്കുന്നില്ലെന്നും പോക്കുവരവ്, വിൽപന, പണയം തുടങ്ങിയവക്ക് റവന്യൂ അധികൃതർ അനുമതി നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭൂസംരക്ഷണ സമിതി കോടതിയെ സമീപിച്ചത്.

മുനമ്പം ഭൂമി വിഷയത്തിൽ അന്വേഷണ കമീഷനെ നിയമിച്ചത് റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരായ സർക്കാറിന്‍റെ അപ്പീൽ ഭൂമി വഖഫ് അല്ലെന്നടക്കം നിരീക്ഷണത്തോടെ കഴിഞ്ഞ ഒക്ടോബർ പത്തിന് ഹൈകോടതി ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയിരുന്നു. ഇതിനുപിന്നാലെ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി ഹരജിയിലെ എതിർകക്ഷികളായ ജില്ല കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർ ഉപഹരജി നൽകുകയായിരുന്നു.

കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ, തർക്കഭൂമിയിലെ താമസക്കാരിൽനിന്ന് നികുതി ഈടാക്കാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സർക്കാറടക്കം മറ്റ് കക്ഷികളാരും എതിർപ്പ് ഉയർത്താത്തതും പരിഗണിച്ചാണ് താൽക്കാലികമായി നികുതി ഈടാക്കാൻ കോടതി അനുമതി നൽകിയത്.

Tags:    
News Summary - Relief for the people of Munambam, High Court allows the government to collect land tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.