തൃശൂർ: വീട്ടിലെ പ്രസവത്തെ തുടർന്ന് കുഞ്ഞും ചികിത്സ നിഷേധിക്കപ്പെട്ട് ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി മുഹ്സിനയും (37) കഴിഞ്ഞ വർഷം ഇതേ വീട്ടിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു വയസ്സുകാരി മകളും മരിച്ച സംഭവങ്ങൾ വ്യാജ അക്യൂപങ്ചർ ചികിത്സയും ഗാർഹിക പീഡനവും മൂലമുള്ള കൊലപാതകങ്ങളാണെന്നും കേസ് ഒന്നായി പൊലീസ് അന്വേഷിക്കണമെന്നും ബന്ധുക്കളുടെ ആവശ്യം.
നവജാതശിശു മരിച്ച കേസിൽ പ്രതികളായ മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം, ഇയാളുടെ മാതാവ്, സഹോദരങ്ങൾ, മൂന്നാം പ്രതിയും ഇബ്രാഹിമിന്റെ സഹായിയുമായ റുവൈദ ഫൈസൽ, നാലാം പ്രതി ജുനൈദ് എന്നിവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, തൃശൂർ സിറ്റി പൊലീസ് കമീഷണർ, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്ന് മുഹ്സിനയുടെ പിതാവ് ഉസ്മാൻ മുല്ലക്കര, ബന്ധു അനീസ് ആദം എന്നിവർ പറഞ്ഞു.പ്രസവം ആശുപത്രിയിൽ നടത്താൻ ഇബ്രാഹിം വിസമ്മതിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് മുഹ്സിന പൂർണവളർച്ചയില്ലാതെ ഏഴാമത്തെ കുഞ്ഞിനെ വീട്ടിൽ പ്രസവിച്ചത്. ഇബ്രാഹിമും വീട്ടുകാരും സഹായിയും ചേർന്ന് ചികിത്സ തുടങ്ങി ദിവസങ്ങൾക്കകം കുഞ്ഞ് മരിച്ചു.
പ്രസവത്തിന് ശേഷം പ്ലാസന്റ പൂർണമായി നീക്കാതെ ഉള്ളിലിരുന്ന് അണുബാധ ഉണ്ടാകുകയും മറ്റു അവയവങ്ങളെ ബാധിക്കുകയും ചെയ്തു. പ്രസവസമയത്തെ പിഴവുകളാണ് മുഹ്സിനയുടെ മരണകാരണമെന്നാണ് തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ പൊലീസിന് ആശുപത്രി ഫോറൻസിക് വിഭാഗം നിർദേശം നൽകിയിട്ടും ചാവക്കാട് പൊലീസ് നടപടിയെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
താൻ നിർബന്ധം പിടിച്ചാണ് മകളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും യഥാസമയം ചികിത്സ ലഭിക്കാത്തതിനാൽ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നെന്നും മകളെ പല ആഭിചാര പ്രവൃത്തികൾക്കും വിധേയയാക്കിയിരുന്നതിന്റെ പാടുകൾ ശരീരമാസകലം ഉണ്ടായിരുന്നെന്നും പിതാവ് ഉസ്മാൻ മുല്ലക്കര പറഞ്ഞു. മുഹ്സിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ മൃതദേഹം മറവു ചെയ്യുന്നതു വരെയും ഇബ്രാഹിമും കുടുംബവും ഗുണ്ടകളും ചേർന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കളായ പി.എച്ച്. റഫീഖ്, കെ.എസ്. ഉമൈറ, മനുഷ്യാവകാശ പ്രവർത്തക ഹൈറുന്നിസ ആരിഫ് എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.