പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം; 10 വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 12,000ത്തിലേറെ കേസുകൾ

തൊടുപുഴ: പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ രജിസ്റ്റർ ചെയ്തത് 12,521 കേസുകൾ.പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പട്ടികജാതി വികസന വകുപ്പിന്‍റെ കണക്കുകൾ പ്രകാരം പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ഓരോ വർഷവും ആയിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകളനുസരിച്ച് ഏറ്റവുമധികം കേസ് രജിസ്റ്റർ ചെയ്തത് 2023ലാണ്. 1335 പരാതികളാണ് ആ വർഷം കേസായത്. കഴിഞ്ഞ വർഷമാണ് ഏറ്റവും കുറവ് കേസ് രജിസ്റ്റർ ചെയ്തത്, 1052 കേസ്. ഈ വർഷം ജൂൺ 16 വരെയുള്ള കാലയളവിൽ വിവിധ അതിക്രമങ്ങളിൽ 456 കേസുകളാണെടുത്തതെന്നും രേഖകൾ വ്യക്തമാക്കുന്നു.

 

പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ 15,987 പരാതികൾ ലഭിച്ചിട്ടുണ്ട്. ലഭിച്ച മുഴുവൻ പരാതികളിലും തുടർനടപടികൾ സ്വീകരിച്ചതായും വകുപ്പ് രേഖകൾ വ്യക്തമാക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്തിയ ശേഷമാണ് പരാതികളുടെ ഉള്ളടക്കമനുസരിച്ച് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.

പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും അവരുടെ സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാക്കാനുമായി സംസ്ഥാന പൊലീസ് മേധാവിയുടെ കീഴില്‍ എസ്.സി-എസ്.ടി പ്രൊട്ടക്ഷന്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കേസുകളുടെ പുരോഗതി സംസ്ഥാന പൊലീസ് മേധാവിയുടെയും ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ നിശ്ചിത ഇടവേളകളില്‍ അവലോകനം ചെയ്യുന്നുമുണ്ട്. കേസന്വേഷണത്തിനായി വിവിധ ജില്ലകളില്‍ സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ നിയമപ്രകാരമുള്ള കേസുകളുടെ വേഗത്തിലുള്ള വിചാരണക്കായി തിരുവനന്തപുരം (നെടുമങ്ങാട്), കൊല്ലം (കൊട്ടാരക്കര), എറണാകുളം, തൃശൂര്‍ (അയ്യന്തോള്‍), പാലക്കാട് (മണ്ണാര്‍ക്കാട്), മലപ്പുറം (മഞ്ചേരി), വയനാട് (മാനന്തവാടി) എന്നിവിടങ്ങളിൽ എക്സ് ക്ലൂസിവ് സ്പെഷല്‍ കോടതികളും അവയില്ലാത്ത ജില്ലകളില്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതികളും എസ്.സി-എസ്.ടി സ്പെഷല്‍ കോടതികളായി പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    
News Summary - Over 12,000 Cases of Atrocities Against SC/ST Communities Registered in 10 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.