തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയിൽ പാർട്ടിയെ പരസ്യമായി അവഹേളിച്ച പിണറായി വിജയന് പരസ്യമായിത്തന്നെ മറുപടി നൽകിയ സി.പി.ഐ നീക്കത്തോടെ മുന്നണിക്കുള്ളിലെ പൊട്ടിത്തെറികൾ അഭിമാനപ്പോരിലേക്ക് വഴിമാറുന്നു.
ഉപനേതൃസ്ഥാനത്തിനായുള്ള സി.പി.ഐ ആവശ്യം ചർച്ചയോ ധാരണയോ ആകാതെ അനിശ്ചിതമായി തുടരുന്നതിനിടെ, ‘‘അതൊക്കെ പറഞ്ഞുകൊണ്ടിരിക്കും, അതെല്ലാം കഴിഞ്ഞ കാര്യമാണ്’’ എന്ന പിണറായിയുടെ പരാമർശം പാർട്ടിയുടെ രാഷ്ട്രീയ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന വിധമുള്ള പരസ്യ ആക്ഷേപമായാണ് സി.പി.ഐ കരുതുന്നത്.
സംസ്ഥാന സെക്രട്ടറി സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ, അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീറിനെ പാർട്ടി തീരുമാനിച്ചുറപ്പിച്ചാണ് മറുപടിക്ക് നിയോഗിച്ചത്. ഉപനേതൃസ്ഥാനം അനുവദിക്കാത്തതിന് കീഴ്വഴക്കം ചൂണ്ടിക്കാട്ടിയുള്ള സി.പി.എമ്മിന്റെ പ്രതിരോധങ്ങളെ, ‘‘കീഴ്വഴക്കങ്ങൾ മാറാനുള്ളതാണെന്നും ഭരണഘടന പോലും ഭേദഗതി ചെയ്യാവുന്ന രാജ്യത്ത് കീഴ്വഴക്കങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളത്’’ എന്നുമുള്ള സി.പി.ഐയുടെ തിരിച്ചടിയിൽ ഏറ്റുമുട്ടാനുറച്ചതിന്റെ കൃത്യമായ സൂചനയുണ്ട്.
ഈ മാസം 13, 14 തീയതികളിൽ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ചേരുന്നുണ്ട്. പ്രതിപക്ഷ ഉപനേതൃപദവിയുടെ കാര്യത്തിൽ സി.പി.എം തുടക്കം മുതൽ സ്വീകരിച്ച നിലപാട് നിഷേധാത്മകമായിരുന്നെങ്കിലും അത് ക്രമേണ ഏകപക്ഷീയവും മുന്നണി മര്യാദകൾക്ക് നിരക്കാത്ത വിധം പരിഹാസ സ്വഭാവത്തിലുമായി മാറുന്ന പശ്ചാത്തലത്തിൽ, എന്ത് തുടർനിലപാട് സ്വീകരിക്കണമെന്നത് നേതൃയോഗത്തിൽ തീരുമാനിക്കും. ഉപനേതൃസ്ഥാനം വിട്ടുകൊടുക്കാനില്ലെന്ന തീരുമാനത്തിലായിരുന്നെങ്കിലും മുന്നണിബന്ധങ്ങളിൽ ഉലച്ചിലുണ്ടാകാതിരിക്കാൻ അനുനയത്തിലാണ് ഇതുവരെ സി.പി.എം ഇടപെട്ടത്.
അതുകൊണ്ടു തന്നെ കീഴ്വഴക്കം പിടിവള്ളിയാക്കിയപ്പോഴും പേരിനെങ്കിലും ‘ചർച്ചക്കുള്ള സാധ്യത’ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ഇതിൽനിന്നുള്ള കുതറിമാറ്റവും വാതിലടക്കലുമാണ് പിണറായി വിജയന്റെ പരാമർശത്തോടെ സംഭവിച്ചത്. ‘ഉപനേതൃസ്ഥാനമെല്ലാം കഴിഞ്ഞ കാര്യമാണെന്നും അതിനെപ്പറ്റി ആലോചിച്ചു ബുദ്ധിമുട്ടേണ്ടെ’ന്നും ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ, ‘പാർലമെന്ററി പാർട്ടി നേതാവിന്റെ സ്ഥാനം മുന്നണിയിൽ ചർച്ച ചെയ്തിരുന്നോ’ എന്നും ചോദിച്ചിരുന്നു.
പരാമർശങ്ങൾ അൽപം കടന്നുപോയെന്ന തിരിച്ചറിവിൽ ‘ചർച്ച ചെയ്ത് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന’ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഞായറാഴ്ചയിലെ അനുനയനീക്കം പക്ഷേ സി.പി.ഐ മുഖവിലക്കെടുക്കുന്നില്ല.
ഉപനേതൃപദവിയിലെ തർക്കങ്ങൾ അനിശ്ചിതത്വത്തിലായതോടെ മുന്നണി സംവിധാനം ഒന്നാകെ സ്തംഭനാവസ്ഥയിലാണ്. മദ്യനയവും വിഴിഞ്ഞവുമടക്കം സർക്കാറിനെതിരായ വിഷയങ്ങളിൽ സി.പി.എം ഇടപെടലുകൾ മാറ്റിനിർത്തിയാൽ, ഇടതുമുന്നണി എന്ന നിലയിൽ കൈകാര്യം ചെയ്യാനായിട്ടില്ല.
മാത്രമല്ല, നിയമസഭ സമ്മേളന കാലത്ത് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗംപോലും വിളിക്കാനായില്ല. ഘടകകക്ഷി നേതാക്കൾ ഒന്നിച്ച് വാർത്തസമ്മേളനം നടത്താനെത്തുന്നത് വലിയ വാർത്തയാകുന്ന വിധമാണ് മുന്നണിയിലെ രാഷ്ട്രീയ കാലാവസ്ഥ. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച മുന്നണിതലത്തിലെ അവലോകനവും അനിശ്ചിതത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.