‘എന്തിനാടാ മുഖം പൊത്തുന്നേ’; കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്ക് നേരേ രോഷാകുലരായി നാട്ടുകാർ, തെളിവെടുപ്പ് നടത്തി

കോലഞ്ചേരി: അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച വൈകീട്ട് 3.30ഓടെ കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. മുഖം പൊത്തിക്കൊണ്ടാണ് 36-കാരനായ പ്രതി പൊലീസ് ജീപ്പില്‍നിന്ന് പുറത്തിറങ്ങിയത്. ഇതോടെ ‘എന്തിനാടാ മുഖം പൊത്തുന്നേ’ എന്നുചോദിച്ച് നാട്ടുകാര്‍ പ്രതിക്ക് നേരേ ആക്രാശിച്ച് പാഞ്ഞടുത്തു. സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തി. ആ കുഞ്ഞിനോട് എങ്ങനെ ഇത് ചെയ്യാന്‍ തോന്നിയെന്നായിരുന്നു സ്ഥലത്തുണ്ടായിരുന്ന പല സ്ത്രീകളും കരഞ്ഞുകൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു.

ബന്ധുക്കളും നാട്ടുകാരും പ്രതിക്കെതിരെ രോഷാകുലരായതോടെ അഞ്ചുമിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി സംഘം മടങ്ങി. പ്രതിയുടെ സഹോദരന്മാരിൽ ഒരാൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പ്രതിയെ ബന്ധുക്കൾ പൂർണമായും കൈവിട്ട അവസ്ഥയിലാണ്.

രാവിലെ ചെങ്ങമനാട് കുട്ടിയുടെ അമ്മയുടെ അടുത്തെത്തിച്ച് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തിരുന്നു. മുമ്പ് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് അമ്മ ചെയ്തത്. പ്രതിക്ക് കുട്ടിയുമായി അടുത്ത സ്നേഹബന്ധമുണ്ടായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ ആവർത്തിച്ചു. അയാൾ വീട്ടിലുള്ളപ്പോഴെല്ലാം കുട്ടി അയാളോടൊപ്പമായിരുന്നു. പീഡനം സംബന്ധിച്ച് തനിക്കറിവില്ലായിരുന്നുവെന്നും അമ്മ ചോദ്യംചെയ്യലിൽ വ്യക്തമാക്കി. തിങ്കളാഴ്ച പ്രതിയെ മൂവാറ്റുപുഴ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

മെയ് 20-നാണ് അമ്മക്കൊപ്പം അങ്കണവാടിയില്‍നിന്ന് പോയ നാലുവയസ്സുകാരിയെ കാണാതായത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മൂഴിക്കുളം പാലത്തിന് സമീപത്തുനിന്ന് കുഞ്ഞിനെ പുഴയിലെറിഞ്ഞതായി അമ്മ മൊഴിനല്‍കി. തിരച്ചില്‍ പുഴയില്‍നിന്ന് മൃതദേഹവും കണ്ടെടുത്തു. എന്നാല്‍, കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെ മറ്റൊരു ക്രൂരത കൂടി പുറത്തറിഞ്ഞു. മരിച്ച പെണ്‍കുട്ടി ക്രൂരമായ ലൈംഗികപീഡനത്തിനിരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവിന്റെ അടുത്തബന്ധുവാണെന്ന് പീഡിപ്പിച്ചതെന്ന് വ്യക്തമായത്. ഇതോടെ ഇയാളെ ചോദ്യംചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

Tags:    
News Summary - Relative who raped four-year-old girl brought home to collect evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.