വിലങ്ങാട് ഉരുൾപൊട്ടലിൽ ഭവനരഹിതരായവർക്ക് നിർമിക്കുന്ന വീടുകൾ
നാദാപുരം: വിലങ്ങാട് ആലിമൂലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് നിർമിക്കുന്ന 11 വീടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തില്‍. താമരശ്ശേരി രൂപതക്ക് കീഴിലുള്ള വിലങ്ങാട് സെൻറ് ജോര്‍ജ് ഫെറോന പള്ളിയുടെ നേതൃത്വത്തില്‍ ഒരേക്കര്‍ 16 സെൻറ് സ്ഥലം വിലക്കു വാങ്ങിയാണ് 11 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത്. 2019 ആഗസ്റ്റ് എട്ടിന് രാത്രി 11ഓടെയാണ് വിലങ്ങാട് ആലിമൂലയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ നാലുപേരുടെ ജീവന് നഷ്ടപ്പെടുകയും 11 വീടുകൾ തകരുകയുമുണ്ടായി. ഉരുള്‍പൊട്ടലില്‍ കുറ്റിക്കാട്ട് ബെന്നിയും ഭാര്യയും മകനും, മാപ്പലകയില്‍ ദാസിെൻറ ഭാര്യയുമാണ് മരണപ്പെട്ടത്. ഇവരുടെ കുടുംബത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെ നേരത്തെതന്നെ വീട് നിർമിച്ചുനല്‍കിയിരുന്നു.
പുതിയ വീടുകളുടെ നിര്‍മാണ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. തറയില്‍ ടൈല്‍ പാകുന്നതും പ്ലംബിങ് പ്രവൃത്തിയുമാണ് ബാക്കിയുള്ളത്. രണ്ടാഴ്ചകൊണ്ട് പണി പൂര്‍ത്തിയായി താക്കോല്‍ കൈമാറാന്‍ കഴിയുമെന്ന് സെൻറ് ജോര്‍ജ് ഫെറോന പള്ളി വികാരി ഫാ. മാത്യു തകടിയേല്‍ പറഞ്ഞു. ആലിമൂലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട ഏഴുപേര്‍ക്കും വിലങ്ങാട് മലയങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട മൂന്നുപേര്‍ക്കും വിലങ്ങാട്ടെ നിര്‍ധന കുടുംബത്തിലെ ഒരാള്‍ക്കുമാണ് വീടുവെച്ചുനല്‍കുന്നത്. ആലിമൂലയിലെ ജോസഫ് കൊച്ചുപറമ്പില്‍, ലൂക്കോസ് പൊന്മലക്കുന്നേല്, ജോസ് വട്ടക്കുന്നേല്‍, മാര്ട്ടിന് ജോസഫ് മൈലക്കുഴി, മോഹന്‍ ബാബു ഏലൂർ, ടോം കൊങ്ങപ്പുഴ, രാജു വാളത്ത്പറമ്പില്, മലയങ്ങാട്ടെ സനോജ് കൊച്ചുപുര, വക്കച്ചന് മഞ്ഞമറ്റത്ത്, ജിജോ ചക്കാലക്കല്‍, വിലങ്ങാടുള്ള ജിജി രണ്ട് പ്ലാക്കല്‍ എന്നിവര്‍ക്കാണ് വീട് നിര്‍മിച്ചുനല്‍കുന്നത്.
വീടു നിര്‍മിക്കാന്‍ സര്‍ക്കാറിെൻറ ഭാഗത്തുനിന്നും സന്നദ്ധ സംഘനകളുടെ ഭാഗത്തുനിന്നും സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫാ. മാത്യു തകടിയേലിെൻറ നേതൃത്വത്തില്‍ ആൻറണി ഒറ്റപ്ലാക്കല്‍, തോമസ് മാത്യു കാരിക്കുന്നേല്‍, ജോണ്‍ പുതിയമറ്റം, ജോഷി കൂനാനിക്കല്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വീടുകളുടെ നിര്‍മാണം പൂർത്തിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.