'കണ്ടെയ്നറുകൾ കടലിൽ വീണ് അപകടങ്ങളുണ്ടാകാൻ കാരണം കടലും കപ്പലും കണ്ടെയ്നറുമാകാം'

മോശം കാലാവസ്ഥയിൽ കപ്പലുകളിൽനിന്ന് കണ്ടെയ്നറുകൾ കടലിൽ വീഴുന്നത് യൂറോപ്പിലും മറ്റും സാധാരണമാണ്. കൊച്ചി തീരത്തിനടുത്ത് ലൈബീരിയൻ കണ്ടെയ്നർ കപ്പൽ എം.എസ്.സി എൽസ -3 അപകടത്തിൽ പെടാനുള്ള കാരണവും മോശം കാലാവസ്ഥയാകാനാണ് സാധ്യത. എന്നാൽ, കപ്പലിനെതന്നെ അപകടത്തിലാക്കിയ കണ്ടെയ്നർ വീഴ്ച അപൂർവമാണ്.

കപ്പലിലെ ചോർച്ച എന്നത് വിദൂരസാധ്യത മാത്രം. കൃത്യമായി അറ്റകുറ്റപ്പണി നടത്തിയാണ് ഇത്തരം കപ്പലുകളെല്ലാം ഓപറേറ്റ് ചെയ്യുന്നത്. ഓരോ കപ്പലിന്റെയും വലിപ്പത്തിനനുസരിച്ച് കണ്ടെയ്നറുകളുടെ ഭാരം നിശ്ചയിച്ചിട്ടുണ്ട്. ഇത് തെറ്റിച്ചാലും അപകടങ്ങൾക്കിടയാക്കാം. നിരക്കിലെ ഇളവിനും മറ്റുമായി, 10 ടൺ ഭാരമുള്ള കണ്ടെയ്നറിന് എട്ടു ടൺ എന്ന് രേഖപ്പെടുത്തുന്നതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ ഭാരം കണക്കുകൂട്ടുന്നത് പിഴക്കും. വിശദ പരിശോധനകളിൽ മാത്രമേ അപകടങ്ങളുടെ കാരണം കണ്ടെത്താൻ കഴിയൂ.

സാധ്യതകൾ പലത്

കണ്ടെയ്നറുകൾ കപ്പലിൽ അടുക്കുന്ന സമയത്ത് ഭാരത്തിൽ അസന്തുലിതത്വമുണ്ടെങ്കിൽ പെട്ടെന്ന് തിരിച്ചറിയാനാകും. അധിക ദൂരം ഇത്തരമൊരു ചരിവുമായി കപ്പലിന് മുന്നോട്ട് പോകാനാകില്ല. നിലവിൽ അപകടത്തിൽപെട്ട കപ്പൽ വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ടതാണ്. അതുകൊണ്ടുതന്നെ കണ്ടെയ്നർ ക്രമീകരിച്ചതിലോ ഭദ്രമാക്കിയതിലെയോ ഉള്ള വീഴ്ച എന്നതിനും സാധ്യത കുറവാണ്.

പാറക്കെട്ടുകളിലും മറ്റും തട്ടുന്നതുമൂലം ഇത്തരം ടാങ്കുകൾക്ക് ചോർച്ച ഉണ്ടാകാം. എന്നാൽ, കേരളതീരത്ത് അപകടകരമായ പാറക്കെട്ടുകൾ ഇല്ലാത്തതിനാൽ അതിനും സാധ്യതയില്ല.

കപ്പലിന്റെ ‘ബ്ലാക് ബോക്സ്’ വി.ഡി.ആർ; പക്ഷേ

അപകട കാരണമറിയുന്നതിന് വിശദപരിശോധന വേണ്ടിവരും. കയറ്റിയ കണ്ടെയ്നറുകളുടെ ഭാരം എത്രയെന്നത് പരിശോധിക്കലാണ് ഇതിലൊന്ന്. വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിന് സമാനമായ, വൊയേജ് ഡാറ്റ റെക്കോഡർ (വി.ഡി.ആർ) സംവിധാനം കപ്പലുകളിലുമുണ്ട്. കപ്പൽ പൂർണമായും മുങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് എന്ത് കാരണം കൊണ്ടാണ് അപകടം സംഭവിച്ചുതെന്നതറിയാൻ വി.ഡി.ആർ പരിശോധിക്കുക. അതേസമയം ട്രാഫിക് മൂലമുള്ള അപകടങ്ങൾ, എൻജിൻ തകരാറും മൂലമുള്ള പ്രശ്നങ്ങൾ എന്നിവയാണ് വി.ഡി.ആറിൽ രേഖപ്പെടുത്തുക. കണ്ടെയ്നറുകൾ കടലിൽ വീണത് പോലുള്ള കാര്യങ്ങളിൽ വി.ഡി.ആറിലുണ്ടാകില്ല.

തുറമുഖങ്ങളിലെ സ്കാനിങ്, പക്ഷേ ഭാരം നോക്കില്ല

കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നതിന് വിവിധ ഏജൻസികളാണ്. ചരക്ക് കയറ്റി അയക്കാനുള്ളവർ ഈ ഏജൻസികളെ സമീപിച്ച് കണ്ടെയ്നറുകൾ വാങ്ങി, തങ്ങളുടെ വെയർ ഹൗസിലെത്തിച്ച് ലോഡ് ചെയ്ത് തിരിച്ച് ഏജൻസികൾക്ക് കൈമാറും. ശേഷം, തുറമുഖങ്ങളിലെ കസ്റ്റംസ് വിഭാഗം പരിശോധന നടത്തി, കണ്ടെയ്നർ സീൽ ചെയ്യും.

പിന്നീട് പോർട്ടിലേക്ക്. അവിടെ കണ്ടെയ്നർ സ്കാനിങ്ങിന് വിധേയമാക്കും. എന്താണ് കണ്ടെയ്നറിലുള്ളത് എന്നറിയാനാണിത്. ഇതും പൂർത്തിയാക്കി പോർട്ടിൽ സൂക്ഷിക്കുന്ന കണ്ടെയ്നറുകൾ, കപ്പലുകൾ എത്തുന്നത് മുറയ്ക്കാണ് കയറ്റി അയക്കും.

ഭാരം എത്രയെന്നത്, അയക്കുന്നയാൾ പറയുന്നതല്ലാതെ മറ്റൊരു പരിശോധനയിലൂടെയും കണ്ടെത്താൻ സൗകര്യങ്ങളില്ല. വേബ്രിഡ്ജുകൾ ഉണ്ടെങ്കിലും ഓരോന്നും തൂക്കുന്നത് പ്രായോഗികമല്ല. ഒരു കപ്പലിൽതന്നെ 3000- 4000 കണ്ടെയ്നറുകൾ ലോഡ് ചെയ്യുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

കണ്ടെയ്നർ അപകടം വരുന്ന വഴി

കണ്ടെയ്നറുകൾ കടലിൽ വീഴുന്ന ഘട്ടങ്ങളിൽ അവയിലുള്ള കാർഗോയുടെ സ്വഭാവം അനുസരിച്ചാണ് അപകടാവസ്ഥ. അധികം ഭാരമുള്ളവയാണെങ്കിൽ വീഴുമ്പോഴേക്കും അടിത്തട്ടിലേക്ക് മുങ്ങിപ്പോകും. പിന്നീട് അവ ഗതാഗതത്തെയും മീൻപിടിത്തത്തെയും ബാധിക്കില്ല. എന്നാൽ, ഭാരം കുറഞ്ഞവ കടൽപരപ്പിൽ ഒഴുകിനടക്കാൻ സാധ്യതയുണ്ട്. ഇവ വന്നിടിക്കുന്നത് കപ്പലുകൾക്ക് പരിക്കുണ്ടാക്കില്ലെങ്കിലും ബോട്ടുകൾക്കും മറ്റും പ്രശ്നമാണ്.

കണ്ടെയ്നറുകളിലെ രാസപദാർഥങ്ങൾ കടൽവെള്ളത്തിലും മറ്റും കലരുന്നതുമൂലമുള്ള അപകടാവസ്ഥയാണ് മറ്റൊന്ന്. ഇത്തരം ഗൗരവസ്വഭാവമുള്ള ചരക്കുകൾ സുരക്ഷിത പാക്കിങ് ആണെങ്കിലും ‘വാട്ടർ പ്രൂഫ്’ എന്ന് പറയാനാവില്ല.

കണ്ടെയ്നറുകൾ ‘വെതർ ടൈറ്റ്’ ആണ് എന്ന് പറയാം. കപ്പലിൽ ആയിരിക്കെ തിരയടിക്കുകയോ മഴപെയ്യുകയോ ചെയ്താലൊന്നും വെള്ളം കയറില്ല. എന്നാൽ, മുങ്ങുകയാണെങ്കിൽ വെള്ളം കയറും. പൂർണമായും മുങ്ങിപ്പോയ ചരക്ക് കപ്പൽ ഉയർത്തിയെടുക്കുക വലിയ ചെലവേറിയ ദൗത്യമാണ്. സാൽവേജ് കമ്പനികളാണ് ഇത്തരം ദൗത്യങ്ങൾ ഏറ്റെടുക്കുക. അവർ വന്ന് പരിശോധന നടത്തിയശേഷമാകും രക്ഷാദൗത്യത്തിനുള്ള തുക നിശ്ചയിക്കൽ.




കപ്പലിന്റെ ഭാരവും ബാലൻസും ബലാസ്റ്റ് ടാങ്കും

20, 40 അടി കണ്ടെയ്നറുകളാണ് പ്രധാനമായുമുള്ളത്. 10 ടൺ, 20 ടൺ എന്നിങ്ങനെയാണ് ഇവയുടെ ശേഷി. 24 ടൺ ശേഷിയുള്ളവയുമുണ്ട്. കപ്പലിൽ നിരവധി ബലാസ്റ്റ് ടാങ്കുകൾ ഉണ്ട്. കാലിയായ കണ്ടെയ്നറുകളും മറ്റുമായി പോകുമ്പോൾ ടാങ്കുകളിൽ വെള്ളം നിറച്ച് കപ്പലിന്റെ സന്തുലിതാവസ്ഥ നിലനിർത്തും.

കണ്ടെയ്നറുകളുള്ള സമയങ്ങളിൽ വെള്ളം നീക്കം ചെയ്യും. കണ്ടെയ്നർ ലോഡ് ചെയ്യുമ്പോൾ സമാന്തരമായി വെള്ളം ഒഴുക്കിക്കളയുന്നതിനും കണ്ടെയ്നർ അൺലോഡ് ചെയ്യുമ്പോൾ തത്സമയം വെള്ളം പമ്പ് ചെയ്ത് കയറ്റുന്നതിനും സംവിധാനങ്ങളുണ്ട്. കണ്ടെയ്നറുകൾ വീണുപോകുന്ന സാഹചര്യങ്ങളിലും ഈ ടാങ്കുകളിൽ വെള്ളം നിറച്ച് ഭാരവും സന്തുലിതത്വവും പുനക്രമീകരിക്കും.

തയാറാക്കിയത് എം. ഷിബു

Tags:    
News Summary - Reason behind container fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.