സൗജന്യ കിറ്റിന്​ 10 മാസത്തെ കമ്മീഷൻ നൽകിയില്ല;​ ചിങ്ങം ഒന്നിന്​ പട്ടിണിസമരവുമായി റേഷൻ വ്യാപാരികൾ

മാവൂർ: ചിങ്ങം ഒന്നിന് റേഷൻ വ്യാപാരികൾ ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും പട്ടിണിസമരം നടത്തുമെന്ന് ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസം (ആഗസ്റ്റ് 17) റേഷൻ കടകളിൽ വഞ്ചനാദിനവും ആചരിക്കും.

വിതരണം ചെയ്ത കിറ്റിന്‍റെ 10 മാസത്തെ കമ്മീഷൻ കുടിശ്ശിക നൽകുക, കോവിഡ് വ്യാപനത്തിൽ മരണപ്പെട്ട 55 റേഷൻ കടക്കാരുടെയും ജീവനക്കാരുടെയും അവകാശികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഇൻഷുറൻസ് ഉറപ്പാക്കുകയും ഉടൻ നടപ്പാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 11 മുതൽ ഉച്ചക്ക് മൂന്ന് വരെയാണ് കോവിഡ് മാനദണ്ഡം പാലിച്ച് പട്ടിണി സമരം നടക്കുക.

കോവിഡ് കാലത്ത് വിതരണം ചെയ്ത രണ്ട് കിറ്റുകൾക്ക് മാത്രമാണ് ഇതുവരെ കമീഷൻ ലഭിച്ചത്. 10 മാസത്തെ കമീഷൻ കുടിശ്ശിക ഈ ഓണക്കാലത്തുപോലും ലഭിക്കാത്തതിൽ വ്യാപാരികൾ നിരാശയിലാണ്. ഓണക്കാലത്ത സർക്കാർ ജീവനക്കാർക്കടക്കം ബോണസും മറ്റു ആനുകൂല്യവും നൽകുമ്പോൾ കോവിഡ് കാലത്ത് ജീവൻ പണയം വെച്ച് സേവനം ചെയ്ത റേഷൻ വ്യാപാരികളെ സർക്കാർ അഗണിക്കുകയാണ്.

കോവിഡ് ബാധിച്ച് കോഴിക്കോട്​ ജില്ലയിൽ മാത്രം അഞ്ച് പേർ മരണപ്പെട്ടിട്ടുണ്ട്. ഇവരുടെ ആശ്രിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനോ അർഹതപ്പെട്ട ജോലി സുരക്ഷ ഉറപ്പ് വരുത്താനോ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സെപ്റ്റംബർ മാസം മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ജില്ല കലക്ടറേറ്റ്, കൊയിലാണ്ടി, വടകര, താമരശ്ശേരി സപ്ലൈ ഓഫിസുകൾക്ക് മുന്നിലുമാണ് പട്ടിണിസമരം നടക്കുക. മാവൂർ പ്രസ് ഫോറത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസ്ഥാന ജന. സെക്രട്ടറി ടി. മുഹമ്മദാലി, ജില്ല ജന. സെക്രട്ടറി കെ.പി. അഷ്റഫ്, സംസ്ഥാന കമ്മിറ്റി അംഗം പി. അരവിന്ദൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Ration merchants strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.