പാലക്കാട്: സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഗുണഭോക്താക്കൾക്ക് ഒരുമിച്ച് നൽകാൻ സർക്കാർ തീരുമാനിച്ചു. ഏപ്രിൽ നാല് മുതൽ വിതരണം ആരംഭിക്കും. മൂന്ന് മാസത്തെ വിഹിതം ഒരുമിച്ച് നൽകാനായിരുന്നു കേന്ദ്ര നിർദേശമെങ്കിലും റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലപരിമിതി കണക്കിലെടുത്താണ് രണ്ട് മാസമായി ചുരുക്കിയത്. ഏപ്രിൽ വിഹിതത്തോടൊപ്പം മേയ് വിഹിതം ഏപ്രിൽ നാല് മുതൽ മേയ് 30 വരെ വാങ്ങാം. ജൂണിലെ വിഹിതം സ്റ്റോക്ക് ലഭ്യമാകുന്ന മുറക്ക് നേരത്തെ വിതരണം ചെയ്യുന്നത് പരിഗണനയിലാണ്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ഇന്ധനലഭ്യത കുറഞ്ഞാൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായാണ് സർക്കാർ നടപടി.
മഞ്ഞക്കാർഡിന് ഏപ്രിൽ, മേയ് മാസങ്ങളിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 60 കിലോ അരിയും നാലു കിലോ ഗോതമ്പും സൗജന്യമായും ആറു പാക്കറ്റ് ആട്ട ഏഴു രൂപ നിരക്കിലും ലഭിക്കും പിങ്ക് കാർഡുള്ളവർക്ക് ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും എട്ടു കിലോ അരിയും രണ്ടു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. നാല് അംഗങ്ങളുള്ള കാർഡിന് ഗോതമ്പിന് പകരം പരമാവധി എട്ടു പാക്കറ്റ് ആട്ടയും അതിൽ ക്കൂടുതൽ അംഗങ്ങളുള്ള കാർഡിന് ഓരോ അംഗത്തിനും അധികമായി രണ്ടുകിലോ ഗോതമ്പും ലഭിക്കും.
നീലക്കാർഡിന് ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും നാലു കിലോ അരിവീതം കിലോക്ക് നാലു രൂപ നിരക്കിൽ ലഭിക്കും. കൂടാതെ ഏപ്രിൽ, മേയ് മാസങ്ങളിലെ അധിക വിഹിതമായി അഞ്ചു കിലോ അരി കിലോക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതതു താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് രണ്ടു കിലോ മുതൽ ആറു കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
വെള്ളക്കാർഡിന് ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 10 കിലോ അരി, കിലോക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതതു താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് രണ്ടു കിലോ മുതൽ ആറു കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കിൽ ലഭിക്കും. ക്ഷേമസ്ഥാപന അന്തേവാസികൾക്കുള്ള കാർഡ് ഉള്ളവർക്ക് ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് വാങ്ങിക്കാം.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതം, വൈദ്യുതിയുള്ള വീടുകൾക്ക് മഞ്ഞക്കാർഡിന് ഒരു ലിറ്റർ മണ്ണെണ്ണയും മറ്റുള്ളവർക്ക് അര ലിറ്റർ മണ്ണെണ്ണയും ലഭിക്കും. വൈദ്യുതിയില്ലാത്ത വീടുകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കും. പൊതുവിതരണ വകുപ്പിന്റെ സോഫ്റ്റ് വെയറിൽ എൻ.ഐ.സിയുടെ സഹായത്തോടെ ഇതിന് ആവശ്യമായ ക്രമീകരണം വരുത്താൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.