അവഗണനകൾ മാത്രം ഏറ്റുവാങ്ങേണ്ടിവന്ന സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ പുതിയ യു.ഡി.എഫ് സർക്കാറിൽ വലിയ പ്രതീക്ഷയിലാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ) സംസ്ഥാന കമ്മിറ്റി. റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും വേതനം കാലോചിതമായി പരിഷ്കരിക്കാൻ സർക്കാർ തയാറാകണമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
റേഷൻ വ്യാപാരികൾക്ക് മാർച്ചിലെയും ഏപ്രിലിലെയും വേതനം കുടിശ്ശികയാണ്. ഇതുമൂലം കടവാടക കൊടുക്കാനോ സെയിൽസ്മാൻമാർക്ക് ശമ്പളം നൽകാനോ കഴിയാത്ത അവസ്ഥയാണ്. വേതനം കൃത്യമായി ലഭിക്കാത്തതിനാൽ ട്രാൻസ്പോർട്ടിങ് കോൺട്രാക്ടർമാരും കയറ്റിറക്ക് തൊഴിലാളികളും പണിമുടക്കുന്നത് റേഷൻ വിതരണം മുടങ്ങാൻ കാരണമാകുന്നുണ്ട്.
റേഷൻ വിതരണം മുടങ്ങാതെ കൃത്യസമയത്ത് ലഭ്യമാക്കുക, മാവേലി സ്റ്റോറുകളിലേതുപോലെ സബ്സിഡി സാധനങ്ങൾ റേഷൻ കടകളിലൂടെ ലഭ്യമാക്കി പൊതുവിതരണം ശക്തമാക്കുക, എല്ലാ മാസവും 10-ാം തീയതിക്കകം വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുതിയ മുഖ്യമന്ത്രിക്കും ഭക്ഷ്യ, ധനകാര്യ മന്ത്രിമാർക്കും നിവേദനം നൽകും.വാർത്തസമ്മേളനത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസ, ജനറൽ സെക്രട്ടറി കെ.ബി. ബിജു, ട്രഷറർ വി. അജിത് കുമാർ, വൈസ് പ്രസിഡന്റ് തൈക്കൻ സത്താർ, തൃശൂർ ജില്ല വർക്കിങ് പ്രസിഡന്റ് ടി.ആർ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.