അപ്രതീക്ഷിത മഴക്കു പിന്നിൽ അതിവേഗ മേഘരൂപവത്കരണവും ഗതിവേഗ സഞ്ചാരവും

തൃശൂർ: അമ്പതോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലും നൂറോളം പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടാക്കിയ അപ്രതീക്ഷിത മഴക്കു പിന്നിൽ പൊടുന്നനെയുള്ള മേഘരൂപവത്കരണവും ഗതിവേഗ സഞ്ചാരവുമാണെന്ന് കാലാവസ്ഥ ഗവേഷകർ.

കടലിലും കരയിലുമുള്ള അനുകൂല സാഹചര്യമാണ് കാലവർഷത്തിന് അന്യമായ കൂമ്പാരമേഘങ്ങളുടെ ദുരിതപ്പെയ്ത്തിന് കാരണമാവുന്നതെന്ന് ഡോ. ചോലയിൽ ഗോപകുമാർ വ്യക്തമാക്കി. മണിക്കൂറുകൾ നീണ്ട നിർത്താതെയുള്ള നൂൽമഴയും പെയ്തൊഴിയാത്ത രാത്രിയുമൊക്കെയായി വരുംദിവസങ്ങളും രൂപവും ഭാവും മാറിയ മേഘങ്ങൾ തിമിർക്കുകതന്നെ ചെയ്യും. അതിശക്തമായ പിടിഞ്ഞാറൻ കാറ്റാണ് മേഘങ്ങളുടെ സാഞ്ചാരഗതിയെ നിയന്ത്രിക്കുന്നത്. നേരത്തേയുള്ള പ്രവചനത്തെപ്പോലും അട്ടിമറിക്കുന്ന തരത്തിലാണ് ഇവയുടെ സഞ്ചാരം. അതിനൊപ്പം ആഗോള സമുദ്രാന്തരീക്ഷ ഘടകങ്ങളും കനത്ത മഴയൊരുക്കുന്നുണ്ട്.

പസഫിക്, ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ എന്നിവക്ക് പുറമേ നേരത്തേ ഏറെ ശാന്തമായിരുന്ന അറബിക്കടലും മഴാനുകൂലമാണ്. കരയിൽ പെയ്യുന്നതിനെക്കാൾ അധിക മഴയാണ് കടലിൽ. അതുകൂടി കരയിലേക്ക് എത്തിയിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ട മേഖലകളിലുണ്ടായ മിന്നൽപ്രളയങ്ങൾ 2018ലെ മഹാപ്രളയത്തിലേക്ക് വഴിമാറുമായിരുന്നു.

നിലവിൽ ഝാർഖണ്ഡ് മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ന്യൂനമർദ പാത്തിയും കർണാടക -തമിഴ്നാട് -കേരള തീരത്തുള്ള ചക്രവാത ചുഴിയും കൂടാതെ മൺസൂൺ പാത്തിയുമൊക്കെയാണ് മഴ സജീവമാക്കുന്നത്. ഭൂവിനിയോഗത്തിലെ അശാസ്ത്രീയതയാണ് നൂൽമഴ പോലും അപകടം വരുത്തിവെക്കുന്ന തരത്തിലേക്ക് കേരളത്തെ തള്ളിവിടുന്നത്. കുന്നിൻചരിവിലെയും അതിലോല മേഖലകളിലെയും കൃഷിയും നിർമാണപ്രവർത്തനവും അടക്കം തടയിടാനാവാതെപോയാൽ ദുരന്തങ്ങളുടെ ആവർത്തന മേഖലയായി കേരളം മാറും. കഴിഞ്ഞ നാലു ദിവസങ്ങളിൽ കേരളത്തിന് ലഭിച്ചത് 118.8 മില്ലിമീറ്റർ മഴയാണ്. ഇത്രമേൽ മഴ ലഭിച്ചിട്ടും സംസ്ഥാനം ഇപ്പോഴും മഴക്കമ്മിയിലാണുള്ളത്. എട്ടു ജില്ലകളിൽ മഴക്കമ്മിയും ആറുജില്ലകളിൽ നേരിയ ശരാരശിയും മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഏനമാക്കൽ (225), ചാലക്കുടി (213.4), കൊടുങ്ങല്ലൂർ (210), കൊച്ചി വിമാനത്താവളം (211.2) എന്നിവിടങ്ങളിലാണ് ഇക്കുറി അതിതീവ്ര മഴ അടയാളമിട്ടത്.

Tags:    
News Summary - Rapid cloud formation and rapid movement behind sudden rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.