തൃശൂര്‍: സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ ആലോചന. ഇതിനായി വടക്കാഞ്ചേരി, കുന്നംകുളം മജിസ്ട്രേറ്റുമാരെ സമീപിക്കാനാണ് പൊലീസ് നീക്കം. തിങ്കളാഴ്ചയോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും. നേരത്തെ രഹസ്യമൊഴിയെടുത്തെങ്കിലും, പുതിയ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തിലാണ് യുവതിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. രണ്ട് അഭിപ്രായമാണ് ലഭിച്ചതെങ്കിലും രഹസ്യമൊഴി എടുക്കാന്‍ തീരുമാനിച്ചു.
ആദ്യം നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി യുവതിയുടെ രഹസ്യമൊഴി എടുത്തതിനാല്‍ വീണ്ടും എടുക്കുന്നത് നിയമക്കുരുക്കുണ്ടാക്കുമെന്നതിനാല്‍ പൊലീസിന് ആശങ്കയുണ്ട്. നേരത്തെ നല്‍കിയ മൊഴിയില്‍ ജയന്തനുമായി സാമ്പത്തിക തര്‍ക്കമാണ് ഉള്ളതെന്നും അത് അവസാനിപ്പിച്ചെന്നുമാണുള്ളത്.
വാര്‍ത്താസമ്മേളന വെളിപ്പെടുത്തലിന് ശേഷം പൊലീസ് മൊഴിയെടുത്തിരുന്നു. അതില്‍ ജയന്തനും, മറ്റ് മൂവരും ചേര്‍ന്ന് പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി കേസ് ഒത്തു തീര്‍ത്തെന്ന് വരുത്തുകയായിരുന്നെന്നാണ് മൊഴി. രണ്ട് കൗണ്‍സിലര്‍മാരുടെ ഒത്താശയോടെയാണ് ഇത് നടന്നത്. കാറില്‍ കൊണ്ടുപോയി തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന മൊഴിയില്‍ നടന്ന അന്വേഷണത്തില്‍ സ്ഥലം സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരായ പരാതിയില്‍ മാധ്യമങ്ങളുടെ വിശദീകരണം പൊലീസ് തേടി. മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.