തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. പെൺവാണിഭ സംഘത്തിൽപെട്ട ഇയാളെ കൂട്ടാളികൾതന്നെ കാറിൽ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിൽ തള്ളിയതാണെന്ന് തെളിഞ്ഞു. ഓൺലൈൻ പെൺവാണിഭ സംഘത്തിൽപെട്ട അടൂർ കടമ്പനാട് തുവയൂർ ചെറുകാറ്റ് വീട്ടിൽ രഞ്ജുകൃഷ്ണൻ (32) ആണ് കൊല്ലപ്പെട്ടത്. ജഡം കേരള- കർണാടക അതിർത്തിയിലെ മാക്കൂട്ടം കൊക്കയിൽ തള്ളിയതായും വ്യക്തമായെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് പറഞ്ഞു.
ഇൗ കേസിൽ പെൺവാണിഭസംഘത്തിലെ നാലുപേരെ പേരൂർക്കട പൊലീസ് അറസ്റ്റു ചെയ്തു. മലയിൻകീഴ് അരുവിപ്പാറ വിറകുവെട്ടിക്കോണത്ത് വീട്ടിൽ അഭിലാഷ് (31), വെമ്പായം തേക്കട കൊച്ചാലുംമൂട് കിഴക്കതിൽ വീട്ടിൽ ദീപക് (27), ആറ്റിപ്ര നെഹ്റു ജങ്ഷനിൽ കൃതിക ഭവനിൽ ഹരിലാൽ (37), ആക്കുളം മടത്തുവിള ലെയ്നിൽ ഷാഹിർ (19) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിലൊരാളുടെ കുട്ടിയെയും ഇവരുടെ സുഹൃത്തായ യുവതിയുടെ കുട്ടികളെയും കൊല്ലപ്പെട്ട രഞ്ജു ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. കൊല്ലപ്പെട്ടയാളും പിടിയിലാവരിൽ മൂന്നുപേരും നഗരത്തിലെ ഓൺലൈൻ സെക്സ് റാക്കറ്റിലെ മുഖ്യകണ്ണികളായിരുന്നു. പോക്സോ കേസ് കാരണം രഞ്ജു ഒളിവിൽപോയതായിരിക്കുമെന്ന് എല്ലാവരും കരുതുമെന്ന ധാരണയിലാണ് സംഘം കൊല ആസൂത്രണം ചെയ്തത്. ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 24 മുതൽ രഞ്ജുവിെൻറ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നുവെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ ചില അസ്വാഭാവികത ബോധ്യപ്പെട്ട അന്വേഷണസംഘം ഇയാളുടെ സുഹൃത്തുക്കളെ നിരീക്ഷിച്ചു. കൊലപാതക സമയത്തും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തും മൊബൈൽ ഫോണുകൾ തന്ത്രപൂർവം ഒഴിവാക്കിയ ഇവരെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മൂന്നാറിലെ നല്ലതണ്ണി ഭാഗത്തെ ഹോംസ്റ്റേയിൽ ഒളിവിൽ കഴിയവെ ഷാഡോ പൊലീസ് സംഘം വലയിലാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.