രമേശ് ചെന്നിത്തല
പെരുമ്പാവൂർ: സംസ്ഥാനത്ത് നിന്ന് ലഹരി മാഫിയകളെ തൂത്തെറിയുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാറും സംസ്ഥാന ആഭ്യന്തര വകുപ്പും കൈകോർത്ത് ആരംഭിച്ച ഓപറേഷൻ തൂഫാൻ ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്പോൾ എറണാകുളത്തെ ലഹരി കേന്ദ്രമെന്ന് പരാതി ഉയർന്ന പെരുമ്പാവൂർ രമേശ് ചെന്നിത്തല ഇന്ന് സന്ദർശിക്കും. തുടർന്ന്, നാട്ടുകാരും വിദ്യാർഥികളും പങ്കെടുക്കുന്ന ജനസഭക്ക് ശേഷം പെരുമ്പാവൂരിലെ 'ഭായ്' കോളനിയിലെത്തി ഇതര സംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.
ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് പെരുമ്പാവൂർ നഗരത്തിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മഹാറാലി സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ എം.എൽ.എമാർ എല്ലാവരും റാലിയുടെ ഭാഗമാകും. ഓപറേഷൻ തൂഫാന്റെ ഭാഗമായി 18 കോടിയുടെ നിരോധിത മയക്കുമരുന്നുകൾ പെരുമ്പാവൂരിൽ നിന്നും പിടിച്ചെടുത്തതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അന്യ സംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന പെരുമ്പാവൂരിൽ എത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് കേരള പൊലീസിന് വെല്ലുവിളിയായി നിലനിൽക്കുന്നത്. സംസ്ഥാന വ്യപകമായി ഒരു മാസക്കാലത്തോളം പൊലീസ് നടത്തിയ പരിശോധനയിൽ 5,353 കേസുകളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, 5,376 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പെരുമ്പാവൂർ കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി കേസുകളാണ് ഓപറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആലുവ റൂറൽ ജില്ലയിൽ 80 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2026 ജൂൺ 2ന് തിരുവനന്തപുരം കോട്ടൺ ഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഓപറേഷൻ തൂഫാന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്. കൂടാതെ പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളും പദ്ധതിയിൽ പങ്കാളികളാണ്. ഇന്റലിജൻസ് ഐ.ജി പുട്ട വിമലാദിത്യയാണ് പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ.
ലഹരി ഉപയോഗത്തെകുറിച്ചതും വിൽപ്പനയെക്കുറിച്ചും വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഡാർക്ക് വെബ് വഴിയുള്ള ലഹരി ഇടപാടുകൾ നിരീക്ഷിക്കാൻ സൈബർ സെല്ലിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.