രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർസംഘ് ചാലക് ആണെന്ന് കോടിയേരി

കോഴിക്കോട്: ആർ.എസ്.എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിനുള്ളിലെ ആർ.എസ്.എസിന്‍റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ 'രാമന്‍റെ നിറം കാവിയല്ല' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് കോടിയേരി ചെന്നിത്തലയെ വിമർശിച്ചിരിക്കുന്നത്.

'അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി'യെ ‘താമര'യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്‌പോഴും ഇറക്കുന്നത്. അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്‍റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നത്' എന്നും ലോഖനത്തിൽ കോടിയേരി പറയുന്നു.

ബി.ജെ.പിയും കോൺഗ്രസും മുസ്‌ലിം ലീഗും മുഖ്യശത്രുവായി കാണുന്നത് എൽ.ഡി.എഫിനെയും സി.പി.എമ്മിനെയുമാണ്. 2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോൾ ചെന്നിത്തലക്ക് കിട്ടിയ വോട്ടിനേക്കാൾ 14,535 വോട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി അശ്വിനി രാജിന് കിട്ടിയതിനേക്കാൾ 13,253 വോട്ട് ബി.ജെ.പിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരൽചൂണ്ടുന്നത് ആർ.എസ്.എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്. ഇതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളിൽ യുഡിഎഫ് മൗനംപാലിക്കുന്നതെന്നും കോടിയേരി എഴുതുന്നു

ശ്രീരാമന്‍റെ നിറം കാവിയല്ലെന്ന് ഏവർക്കുമറിയാം. എന്നാൽ, രാമനെ കാവിയിൽമുക്കി ഹിന്ദുത്വ കാർഡാക്കി കോവിഡ്–- 19 എന്ന മഹാമാരിയുടെ കാലത്തും കളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘപരിവാറും ജേഴ്‌സി അണിഞ്ഞിരിക്കുകയാണ്. അതിന്‍റെ ഭാഗമായിട്ടാണ് ആഗസ്‌ത്‌ അഞ്ചിന് രാമക്ഷേത്ര സമുച്ചയത്തിന് അയോധ്യയിൽ മോഡി തറക്കല്ലിടുന്നതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. 

Tags:    
News Summary - ramesh chennithala vs kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.