എം.ശിവശങ്കറിനെ ഒരു നിമിഷം പോലും സർവീസിൽ തുടരാൻ അനുവദിക്കരുതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ ഉൾപ്പെടുത്തി ആറാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ശിവശങ്കറിനെ ഒരു നിമിഷം പോലും സർവീസിൽ തുടരാൻ അനുവദിക്കരുതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. പലതും മുഖ്യമന്ത്രിയുടെയും ഓഫിസിന്റെയും പങ്ക് വ്യക്തമാക്കുന്നതാണ്.

കുറ്റവിമുക്തനാവും മുന്‍പ് ശിവശങ്കരനെ ധിറുതി പിടിച്ച് തിരിച്ചെടുത്തതിലൂടെ പുറത്തു വരുന്നത് മുഖ്യമന്ത്രിയുമായുള്ള ബന്ധമാണെന്നു വ്യക്തമാണ്. രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്തു കേസില്‍ മാത്രമല്ല, ലൈഫ്മിഷൻ കോഴ കേസിലെ ശിവശങ്കറിന്റെ പങ്കും സംശയാതീതമായി പുറത്ത് വന്നിരിക്കുന്നു. ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടും അദ്ദേഹം സർവീസിൽ തുടരുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്. ഇതിനു സി.പി.എം കേന്ദ്ര നേതൃത്വം മറുപടി പറയണം.

സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ശിവശങ്കരന്റെ സസ്‌പെന്‍ഷന്‍ നീട്ടാമായിരുന്നു. നിയമപരമായി സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാല്‍, കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ളക്കളികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണ്ണക്കടത്തുമായും ലൈഫ്മിഷൻ തട്ടിപ്പുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പല തവണ ഉയര്‍ന്നുവന്നിരുന്നതാണ്. പ്രതികളുടെ മൊഴിയില്‍ അത് സംബന്ധിച്ച് പരാമര്‍ശങ്ങളുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കൂട്ടുപ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സര്‍ക്കാര്‍ കാട്ടിയിരിക്കുന്നത്.

ഇനി ഈ കേസിലെ പ്രതി സ്വപ്ന സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ഇത് വഴി എന്തു സന്ദേശമാണ് നല്‍കുന്നതെന്നും രമേശ് ചോദിച്ചു.

Tags:    
News Summary - Ramesh Chennithala that Sivasankar should not be allowed to continue in service even for a moment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.