‘മദ്യനയത്തിൽ മാറ്റം വരുത്തി, അഴിമതിക്കേസിൽ പെട്ട കമ്പനിക്ക് അനുമതി’; ബ്രൂവറി പദ്ധതിയിൽ ബോധപൂർമായ അഴിമതിയെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: മദ്യനയത്തിൽ മാറ്റം വരുത്തി അഴിമതിക്കേസിൽ പെട്ട കമ്പനിക്ക് ബ്രൂവറി പ്ലാന്റ് തുടങ്ങാൻ അനുമതി നൽകുന്നത് ബോധപൂർമായ അഴിമതിയുടെ ഭാഗമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കുടിക്കാന്‍ വെള്ളമില്ലാത്ത സ്ഥലമാണ്. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്തിരിയണം. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണിതെന്നും കമ്പനിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

‘‘കുടിക്കുന്നതിനും കാർഷിക ആവശ്യങ്ങൾക്കും പോലും വെള്ളം കിട്ടാത്ത സ്ഥലമാണ് എലപ്പുള്ളി. അവിടെ ഒട്ടേറെ പ്ലാന്റുകളാണ് വരാൻ പോകുന്നത്. കർഷകരും ജനങ്ങളും നേരിടാൻ പോകുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. കേന്ദ്ര സർക്കാറിനു കീഴിലുള്ള പൊതുമേഖലാ ഓയിൽ കമ്പനികൾ അംഗീകാരം നൽകിയ കമ്പനിയാണ് ഒയാസിസ് എന്നാണ് സർക്കാർ പറയുന്നത്. എഥനോൾ നിർമാണത്തിനു വേണ്ടി ടെൻഡർ ക്ഷണിച്ചപ്പോൾ ഇവരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നത് ശരിയാണ്. എന്നാൽ എഥനോൾ മൂന്നാംഘട്ടമായാണു നിർമിക്കുന്നത്. ഇന്ത്യൻ നിർമിത വിദേശ മദ്യവും അതിനുള്ള ബോട്‌ലിങ് പ്ലാന്റും ഡിസ്റ്റലറിയും മറ്റുമാണ് ഇപ്പോൾ നിർമിക്കുന്നത്.

ഡൽഹി മദ്യനയക്കേസിൽ ഒയാസിസ് കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ പ്രതിയാണ്. പഞ്ചാബിൽ ഇവർക്കെതിരെ ജലമലിനീകരണം നടത്തിയതിനു കേസുകളുണ്ട്. ഈ കമ്പനിയെ ആരാണ് വിളിച്ചുകൊണ്ടുവന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. അച്യുത മേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇനി കേരളത്തിൽ മദ്യനിർമാണ യൂണിറ്റ് വേണ്ട എന്ന് തീരുമാനിച്ചു. 2018ൽ മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ അതിനെ ശക്തമായി എതിർത്തു. മദ്യനയത്തിൽ മാറ്റമില്ലെന്ന് ‍സഭയിൽ ഉന്നയിച്ചു. ഇപ്പോൾ മദ്യനയത്തിൽ മാറ്റം വരുത്തി ഈ കമ്പനിക്ക് നിർമാണത്തിന് അനുമതി കൊടുക്കുന്നത് വളരെ ബോധപൂർമായ അഴിമതിയാണ്’’– ചെന്നിത്തല പറഞ്ഞു.

സി.പി.ഐ വിഷയത്തിൽ അഭിപ്രായം പറയാതെ ഒളിച്ചു കളിക്കുന്നു. ടാറ്റക്കും ബിർളക്കും എതിരെ കമ്യൂണിസ്റ് സമരം ചെയ്‌തത് പിണറായി മറന്നു. പിണറായി ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായി മാറി. വൻ തോതിൽ ജല ചൂഷണം ഉണ്ടാകുന്നു എന്നതാണ് പ്രധാനം. കൊക്കക്കോള കമ്പനി പൂട്ടിക്കാൻ നടത്തിയ സമരം തെറ്റായി പോയി എന്ന് മുഖ്യമന്ത്രി പറയാൻ തയാറാണോ എന്നും അദ്ദേഹം ചോദിച്ചു. ശനിയാഴ്ച പദ്ധതി പ്രദേശം സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Tags:    
News Summary - Ramesh Chennithala Slams govt on Brewery Plant Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.