തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഡാറ്റാ ലീക്കിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസെന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കെ.സ്മാര്‍ട്ട് ആപ്‌ളിക്കേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ വിവരങ്ങള്‍ പി.ആർ.ഡിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി സീറാം സാംബശിവറാവു ആണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആവശ്യമയിച്ച് സാംബശിവ റാവു 2025 ഡിസംബർന് ചീഫ് മിഷൻ ഡയറക്ടർക്ക് അയച്ച കത്ത് അദ്ദേഹം പുറത്തുവിട്ടു.
സെന്‍ട്രലൈസ്ഡ് നോട്ടിഫിക്കേഷന്‍ ഹബ് ഫോര്‍ ഗവണ്‍മെന്റ് സര്‍വീസസ് എന്ന പേരില്‍ സര്‍ക്കാര്‍ ഒരു ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സിസ്റ്റം ആരംഭിക്കുന്നുവെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഇതിന്റെ ഭാഗമായി എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും കത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി കെ- സ്മാര്‍ട്ട് ആപ്‌ളിക്കേഷനില്‍ നിന്ന് എക്‌സല്‍ ഫോര്‍മാറ്റില്‍ ഫോണ്‍ നമ്പര്‍, പേര്, പ്രായം, ജെന്‍ഡര്‍, ജില്ല, താലൂക്ക്, വാര്‍ഡ്, ലോക്കല്‍ ബോഡി എന്ന ഫോര്‍മാറ്റില്‍ വിശദാംശങ്ങള്‍ നല്‍കാനുമാണ് നിര്‍ദേശം.
ഈ വിവരങ്ങള്‍ പി.ആർ.ഡിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിക്ക് ഫെബ്രുവരി 12നു മുമ്പ് കൈമാറണം എന്നും ഇതില്‍ പറയുന്നു. ഐ.ടി മിഷനിലേക്കും ഈ ഡാറ്റ അയക്കാന്‍ നിര്‍ദേശമുണ്ട്. ചുരുക്കത്തില്‍ ജീവനക്കാരുടെ സ്വകാര്യത പൂര്‍ണമായും ലംഘിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടു നടത്തിയ ഏറ്റവും വലിയ ഡാറ്റാ ബ്രീച്ചാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന് നേതൃത്വം കൊടുത്തിരിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി ഈ കത്ത് എല്ലാ വകുപ്പുകളിലേക്കും അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടു നിര്‍ദേശിക്കാതെ ഇത്തരം ഒരു കത്ത് പോവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും അതിനെ പ്രചരാണവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് മാരകമായ ഡാറ്റാ ബ്രീച്ചും സ്വകാര്യതാ നിയമങ്ങളുടെ ലംഘനവുമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റാ ബ്രീച്ചിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി, നിർദ്ദേശം നൽകിയ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ ഡ്യൂട്ടി, ഇതിനെ പത്രക്കുറിപ്പ് ഇറക്കി ന്യായീകരിച്ച ചീഫ് സെക്രട്ടറി എന്നിവരെല്ലാം കുറ്റക്കാരാണ്. ഇവർ തൽസ്ഥാനത്ത് തുടരാൻ യോഗ്യരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ വിവരങ്ങള്‍ എങ്ങനെ ലഭിച്ചു എന്നാണ് ഇന്നലെ ഹൈകോടതി മുഖ്യമന്ത്രിയോട് ചോദിച്ചത്. ഈ കത്ത് പുറത്തു വന്നതോടെ മുഖ്യമന്ത്രി നേരിട്ടാണ് ഏറ്റവും വലിയ ഡാറ്റാ ചോരണം നടത്തിയത് എന്നു വ്യക്തമാവുകയാണ്. വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുത് എന്ന് വളരെ വ്യക്തമായി ഹൈകോടതി പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ സത്യവാങ് മൂലം നല്‍കാനാണ് സര്‍ക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സെക്രട്ടറി നല്‍കിയ ഈ കത്ത് ഒളിപ്പിച്ചു വെച്ചു സത്യവാങ്മൂലം നല്‍കുമോ എന്ന് ഉടനെ അറിയാമെന്നും ജീവനക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതിന് മുഖ്യമന്ത്രിക്ക് എതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് സ്പ്രിംഗ്‌ളര്‍ കമ്പനിയെ ഉപയോഗിച്ചു നടത്തിയ ഡാറ്റാ ചോരണത്തിന് സമാനമായതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അന്ന് മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കരനാണ് ഡാറ്റാ ചോരണത്തിനെ ന്യായീകരിച്ചു രംഗത്തെത്തിയത്. അദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്ന് നമുക്കറിയാം. ഇപ്പോള്‍ ഇതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത് ചീഫ് സെക്രട്ടറിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് നടത്തിയ ഈ ഡാറ്റ ബ്രീച്ച് ന്യായീകരിക്കാൻ എത്തിയ സെക്രട്ടറി തൽസ്ഥാനത്ത് തുടരാൻ അർഹനല്ല എന്നാണ് ഈ ന്യായീകരണത്തോടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.