പിണറായി-മോദി അന്തർധാര സജീവം -ചെന്നിത്തല

കണ്ണൂർ: കേരളത്തിൽ സി.പി.എം - ബി.ജെ.പി ധാരണ മറനീക്കി പുറത്തു വന്നിരിക്കുകയാണെന്നും സ്വർണക്കടത്ത്​ കേസ്​ അന്വേഷണം അട്ടിമറിച്ചത്​ അതി​െൻറ തെളിവാണെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഐശര്യകേരള യാത്രക്കിടെ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്​ കത്തെഴുതിയതിന്​ പിന്നാലെ ഇ.ഡിയുടെയും എൻ.ഐ.എയുടെയും അന്വേഷണം നിലച്ചു. ഇവർ തമ്മിലുള്ള അന്തർധാര വ്യക്​തമാണ്​. ലാവലിൻ കേസ്​ 20 തവണ മാറ്റിവെച്ചത്​ സി.ബി.ഐ ആവശ്യപ്പെട്ടിട്ടാണ്​.

Full View

പിണറായി - മോദി രാഷ്​ട്രീയ കൂട്ടുകെട്ടി​ന്‍റെ ലക്ഷ്യം കോൺഗ്രസും ​യു.ഡി.എഫും ഇല്ലാത്ത കേരളമാണ്​. സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രിയെ അകത്താകുമെന്ന്​ പറഞ്ഞ ബി.ജെ.പി ഇപ്പോൾ മിണ്ടുന്നില്ല. സി.പി.എം സെക്രട്ടറി വിജയരാഘവൻ ബി.ജെ.പി പ്രസിഡന്‍റ്​ സുരേന്ദ്രനേക്കാൾ വലിയ മുസ്​ലിം വിരോധമാണ്​ പറയുന്നത്​. മുസ്​ലിം സമുദായത്തെ മതമൗലികവാദികളാക്കി മുദ്രകുത്താനാണ്​ നീക്കം. ഇത്​ അപകടകരമായ രാഷ്​ട്രീയമാണ്​.

കെ.പി.സി.സി പ്രസിഡൻറിനെ തീരുമാനിക്കുന്നത് മുസ് ലിം​ ലീഗാണ്​ എന്നു പറഞ്ഞ്​ വർഗീയ കാർഡ്​ കളി തുടങ്ങിയത്​ മുഖ്യമന്ത്രിയാണ്​. സി.പി.എം പരാജയം മുന്നിൽ കാണുന്നു. പരാജയപ്പെടുന്നവ​ന്‍റെ അവസാനത്തെ ആയുധമാണ്​ വർഗീയത. ശബരിമല വിഷയത്തിൽ ബി.ജെ.പിയെ വളർത്താനുള്ള തന്ത്രമാണ്​ പിണറായി സർക്കാർ കളിച്ചത്​.

കണ്ണൂർ തില്ല​ങ്കേരി ജില്ല പഞ്ചായത്ത്​ ഡിവിഷനിൽ 200​0 വോട്ടാണ്​ ബി.ജെ.പി സി.പി.എമ്മിന്​ മറിച്ചുനൽകിയത്​. തില്ല​ങ്കേരിയിലെ വോട്ടുകച്ചവടം കേരളത്തിലാകെ വ്യാപിപ്പിക്കാനാണ്​ പദ്ധതി. കേരളത്തിലെ വിവിധ മതവിഭാഗങ്ങളെ തമ്മലടിപ്പിക്കാനും സി.പി.എം ​​ശ്രമിക്കുന്നുവെന്നും​ ചെന്നിത്തല കുറ്റപ്പെടുത്തി.

പാണക്കാട് സന്ദർശനം സംബന്ധിച്ച എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്‍റെ പരാമർശം സി.പി.എമ്മിനെതിരെ തിരിഞ്ഞു. പരാമർശം ഇതിനോടകം സി.പി.എമ്മിന് തിരിച്ചടിയായി കഴിഞ്ഞു. രാഷ്ട്രീയവും ഭരണനേട്ടവും പറഞ്ഞ് വോട്ട് നേടാനാകില്ലെന്ന് അവർക്കറിയാം. സി.പി.എം പച്ചക്ക് വർഗീയത പറയുകയാണ്. തെരഞ്ഞെടുപ്പിനായി മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണ്. വിജയരാഘവന്‍റേത് ഒറ്റതിരിഞ്ഞുള്ള പ്രതികരണമല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമാണെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമല വിധി തന്നെ ഇടത് സർക്കാറിന്‍റെ നിലപാടിനെ തുടർന്നല്ലേ ഉണ്ടായത്. ശബരിമലയിൽ തെറ്റാണ് ചെയ്തതെന്ന് പറഞ്ഞാൽ പോര. സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തിരുത്താൻ സാധിക്കുമോയെന്ന് വ്യക്തമാക്കണം.

ശബരിമല വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാർ കൊടുത്ത സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കാൻ പിണറായി സർക്കാർ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാർ ഒളിച്ചുകളിക്കുകയാണ്. ബി.ജെ.പിക്ക് ഇക്കാര്യത്തിൽ കപട മുഖമാണുള്ളത്. ശബരിമല വിഷയത്തിൽ താനടക്കമുള്ള ഭക്തജനങ്ങൾക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ആർക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.