കാപ്പാട്​ മാസപ്പിറവി കണ്ടു: ഇന്ന്​ റമദാൻ ഒന്ന്

കോഴിക്കോട്: കേരളത്തിൽ റമദാൻ ഒന്ന്​ ചൊവ്വാഴ്ച. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്​ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ്​ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്​ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവർ അറിയിച്ചു.

ദോഹ: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഖത്തറിൽ റമദാൻ ഒന്ന് ചൊവ്വാഴ്​ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യമന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിർണയ സമിതി അറിയിച്ചു. സമിതി ചെയർമാൻ ഡോ. ശൈഖ് ഥഖീൽ അൽ ശമ്മാരിയുടെ അധ്യക്ഷതയിൽ ഔഖാഫ് മന്ത്രാലയ ആസ്​ഥാനത്ത് ചേർന്ന യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഏപ്രിൽ 12 തിങ്കളാഴ്ച, ഹിജ്റ വർഷം 1442 ശഅ്ബാനിലെ അവസാന ദിവസമായിരിക്കും. ഏപ്രിൽ 13ന്​ ചൊവ്വാഴ്ച ഈ വർഷത്തെ റമദാന് തുടക്കം കുറിക്കുമെന്നും ഔഖാഫ് മന്ത്രാലയം ട്വീറ്റ് ചെയ്തു.

ജിദ്ദ: സൗദിയിൽ റമദാൻ വ്രതാരംഭം ചൊവ്വാഴ്ച ആയിരിക്കും. ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ വിശ്വാസികളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദർശിച്ചാൽ അറിയിക്കണമെന്നും ഉണർത്തിയിരുന്നു.

എന്നാൽ ബൈനോക്കുലർ അടക്കമുള്ള സജ്ജീകരണങ്ങളുമായി പല ഭാഗങ്ങളിലും നിരീക്ഷണം നടത്തിയിരുന്നെങ്കിലും മാസപ്പിറവി ദർശിച്ചില്ലെന്ന് സൗദിയിൽ ആദ്യം സൂര്യൻ അസ്തമിക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള നിരീക്ഷണ സമിതികൾ അറിയിച്ചു.

ഞായറാഴ്ച റമദാൻ മാസപ്പിറവി കാണാൻ സാധ്യത ഇല്ലെന്ന് നേരത്തെ തന്നെ രാജ്യത്തെ വിവിധ ഗോളശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടിരുന്നു. സൂര്യാസ്തമയത്തിന് 29 മിനിറ്റുകൾക്ക് മുമ്പ് ചന്ദ്രൻ അസ്തമിക്കുമെന്നും അതിന് ശേഷം ചന്ദ്രോദയം ഉണ്ടാവില്ലെന്നുമായിരുന്നു ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.