കുട്ടപ്പൻ ചേട്ടന്‍റെ കരിക്ക്

റമദാനെത്തുമ്പോള്‍ നാട്ടുകാരനായ തേറാട്ടി കുട്ടപ്പന്‍ ചേട്ടനാണ്​ മനസ്സിൽ നിറയുക. പരമ്പരാഗത കേര കര്‍ഷകനായ അദ്ദേഹം ഒാരോ നോമ്പുകാലത്തും​ ചെത്തിയ കരിക്കുകള്‍ സ്വയം ചുമന്ന് പള്ളി അങ്കണത്തില്‍ എത്തിക്കും. നോമ്പുതുറക്ക്​ വിശ്വാസികൾക്കിത്​ കുടിക്കാൻ നല്‍കുക എന്നത്​ പുണ്യപ്രവൃത്തിയായിട്ടാണ്​ അദ്ദേഹം കണ്ടിരുന്നത്. പരസ്​പരം സ്​​േനഹവും  സൗഹാർദവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു കുട്ടപ്പന്‍ ചേട്ട​​​െൻറ പ്രവർത്തനങ്ങൾ.  മരിക്കുന്നതുവരെ അദ്ദേഹം അത് തുടര്‍ന്നു. ഇ​േപ്പാൾ മക്കളും റമദാനില്‍ പള്ളിയില്‍ കരിക്കുകള്‍ എത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്. കുട്ടപ്പന്‍ ചേട്ടനെ പോലെയുള്ളവരെ മറന്നാല്‍ റമദാന്‍ ഓര്‍മകളുടെ പങ്കുവെക്കല്‍ അപൂര്‍ണമായിപ്പോകും. 

 ജീവിതത്തി​​​െൻറ പല ഘട്ടങ്ങളിലും എ​​​െൻറ നോമ്പിനെ പിന്തുണക്കുകയും വ്രതാനുഷ്ഠാനത്തെ ആദരവോടെ നോക്കിക്കണ്ടിട്ടുള്ളവരുമാണ്  സഹോദരസമുദായത്തില്‍പെട്ട പല സുഹൃത്തുക്കളും. നോമ്പിനോട്​ അവർ  പ്രഖ്യാപിക്കാറുള്ള ഐക്യദാര്‍ഢ്യം  കേരളത്തില്‍ നിലനില്‍ക്കുന്ന മതേതര മനോഭാവത്തിന്‍െറയും മതസൗഹാര്‍ദത്തി​​​െൻറയും സാംസ്കാരികമായ സ്നേഹ സൂചകങ്ങളാണ്. പ്രായത്തി​​​െൻറ പക്വത നല്‍കുന്ന വര്‍ത്തമാനകാലത്തെ നോമ്പും അതി​​​െൻറ ഗൗരവവും ഉള്‍ക്കൊള്ളാത്ത ബാല്യകാലത്തെ നോമ്പും തമ്മില്‍ വലിയ അന്തരമുണ്ട്. ബാല്യത്തില്‍ നോമ്പെന്നുപറഞ്ഞാല്‍ സഹിക്കാന്‍ കഴിയാത്ത വിശപ്പും ദാഹവും തളര്‍ച്ചയുമായിരുന്നു. ആളിക്കത്തുന്ന വിശപ്പ് ശമിപ്പിക്കാന്‍ വീടിനടുത്തുള്ള പുഴയില്‍പോയി ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നത് ഓര്‍മയിലുണ്ട്​.  അത് വിശപ്പിനെ വര്‍ധിപ്പിക്കുകയാണെന്ന് പിന്നീടാണ് മനസ്സിലായത്.

നോമ്പുകാലത്ത് സമയം കളയാന്‍ കൂട്ടുകാരുമായി ചേര്‍ന്ന് ദീര്‍ഘനേരം സൈക്കിള്‍ സവാരി നടത്തും. വിശന്നു തളര്‍ന്ന ഘട്ടങ്ങളില്‍ അക്ഷമയോടെ മഗ്​രിബ് ബാങ്കിനു വേണ്ടി കാതോര്‍ത്തിരുന്നതും പള്ളിയില്‍നിന്ന് ബാ​െങ്കാലി കേള്‍ക്കുമ്പോള്‍തന്നെ നോമ്പുതുറക്കാന്‍ ആര്‍ത്തിപിടിച്ചതുമെല്ലാം ഓര്‍ക്കുമ്പോള്‍ ചിരി വരും. നോമ്പുതുറ കഴിഞ്ഞാല്‍ പള്ളിയിലെ തറാവീഹ് നമസ്ക്കാരത്തി​​​െൻറ പേരില്‍ നേര​േത്ത തന്നെ വീട്ടില്‍നിന്നിറങ്ങും. പോകുന്ന വഴിയില്‍ ഒരു കലുങ്കുണ്ട്. കൂട്ടുകാരുമായി ഏറെനേരം ​െസാറപറഞ്ഞ് അവിടെ കഴിച്ചുകൂട്ടും. പിന്നീട് പള്ളിയല്‍ എത്തുമ്പോഴേക്കും തറാവീഹ് നമസ്കാരം തീരാറാകും. അക്കാലത്ത് തറാവീഹ് നമസ്കാരത്തിലെ  അവസാനത്തെ നിരയിലെ പതിവ്​ നമസ്​കാരക്കാരായിരുന്നു ഞങ്ങള്‍. 

നോമ്പ് പിടിക്കണമെങ്കില്‍ അത്താഴം കഴിക്കണമെന്നത് വീട്ടില്‍ നിര്‍ബന്ധമായിരുന്നു. അത്താഴം കഴിക്കാതെ നോമ്പുപിടിക്കുവാന്‍ ഉമ്മ ഒരിക്കലും സമ്മതിച്ചിരുന്നില്ല. പാതിരാത്രി ഉണര്‍ന്ന് ഭക്ഷണം കഴിക്കുക എന്നത് ഇഷ്​ടമുള്ള കാര്യമായിരുന്നില്ല. സുഖമായ ഉറക്കം നഷ്​ടപ്പെടുന്നതിലെ അസ്വസ്ഥതയായിരുന്നു കാരണം. എങ്കിലും പാതിരാത്രി ഉണര്‍ന്ന് ഇടത്താഴം കഴിച്ചിരുന്നു. ഉമ്മ ഉണ്ടാക്കി നല്‍കുന്ന ‘ചക്കരപ്പാലി​​​െൻറ’  പ്രലോഭനമായിരുന്നു അതിന് സഹായകമായത്. തേങ്ങാപ്പാലില്‍ പഴം പിച്ചിക്കൂട്ടി ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ചക്കരപ്പാല് ഇന്നും നാവില്‍ കൊതിയൂറുന്ന വിഭവമാണ്. പ്രകൃതി പായസം എന്ന് വിശേഷിപ്പിക്കാനാകും.

നോമ്പ് നല്‍കുന്ന സന്ദേശം ദൈവത്തി​​​െൻറ തൃപ്തിക്കുവേണ്ടി എന്തും സഹിക്കാന്‍, ത്യജിക്കാന്‍ സന്നദ്ധനാവുക എന്നതാണ്. ഒരു മാസക്കാലം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് മനസ്സും ശരീരവും ശുദ്ധീകരിക്കുന്ന പ്രക്രിയ കൂടിയാണല്ലോ നോമ്പ്. നോമ്പുകാലം വരുമ്പോഴേക്കും മനസ്സ് അറിയാതെ തന്നെ അതിനുവേണ്ടി സ്വയം സജ്ജമാകും. സ്വന്തം ഇച്ഛകള്‍ക്ക് അതോടെ അൽപാല്‍പം കടിഞ്ഞാണിട്ട് തുടങ്ങും. അനിയന്ത്രിതമായി പാഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിനെ വരുതിയിലാക്കിക്കഴിഞ്ഞാല്‍ നോമ്പു കാലം അനുഭൂതികളുടെ ഒരു വസന്തകാലമായി മാറുന്നത് അറിയുകയും അനുഭവിക്കുകയും ചെയ്യാറുണ്ട്​.

തയാറാക്കിയത്​: മുഹമ്മദലി ചെങ്ങമനാട്

Tags:    
News Summary - Ramadan Ramadan memories of PK Haneefa -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.