വിശ്വ സാഹോദര്യത്തി​െൻറ സന്ദേശം

ക്രിസ്ത്വബ്​ദം 1400 (ഹിജ്റാബ്​ദം 1436) വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച വ്രതാനുഷ്ഠാനം സ്​ഥലകാല ഭേദമന്യേ  അവിരാമം തുടർന്നുകൊണ്ടിരിക്കുകയാണ്. അന്ത്യപ്രവാചകൻ മുഹമ്മദ് നബി മക്കയിൽനിന്ന് മദീനയിലേക്ക് പലായനം ചെയ്ത് അവിടെ ഭദ്രമായ രാഷ്​ട്രത്തിന് തുടക്കംകുറിച്ചതോടെയാണ് സത്യവിശ്വാസികൾക്ക് വ്രതാനുഷ്​ഠാനം നിർബന്ധമാക്കി ഖുർആൻ അവതരിച്ചത്.  ‘‘മുൻകാല വേദക്കാർക്ക് നിർബന്ധമാക്കിയതുപോലെ നിങ്ങൾക്കും വ്രതാനുഷ്​ഠാനം നിർബന്ധമാക്കി’’യെന്നാണ് ഖുർആ​​​െൻറ പരാമർശം. മുൻകാല ജനതതികളുടെയും പ്രവാചകന്മാരുടെയും തുടർച്ചയെന്ന നിലക്കാണ് അന്ത്യ  പ്രവാചകൻ ത​​​െൻറ അനുചരന്മാരെ വളർത്തിയെടുക്കുന്നത് എന്ന സത്യശുദ്ധമായ സന്ദേശംകൂടി ഈ പ്രഖ്യാപനം ഉൾക്കൊള്ളുന്നുണ്ട്.

ഏകദൈവികതയുടെ ഉജ്ജ്വല പ്രഖ്യാപനമായ സത്യസാക്ഷ്യം (ശഹാദത്ത്) നിർവഹിച്ച വ്യക്​തി തൻെറ ജീവിതത്തിൽ നിർവഹിക്കേണ്ട അനുഷ്ഠാനകർമങ്ങൾ മുൻജനതതികളിൽ രൂപഭേദത്തോടെ നിർബന്ധമാക്കപ്പെട്ടതാണല്ലോ. അവരിൽ കാലാന്തരേണ സംഭവിച്ച വൈകല്യങ്ങൾ കാരണം അനുഷ്ഠാനങ്ങളിൽ രൂപഭേദം സംഭവിച്ചിരിക്കാം. ഏകദൈവവിശ്വാസത്തിൽനിന്ന് വ്യതിചലിച്ചപ്പോൾ ഭീമമായ വ്യതിയാനമാണ് മറ്റു കർമങ്ങളിലും സംഭവിച്ചത്. ഇത് തിരുത്തിയും അടിസ്​ഥാന വിശ്വാസം അരക്കിട്ടുറപ്പിച്ചും നൽകിയ നിർദേശങ്ങളാണ് നമസ്കാരം, സകാത്​, ഹജ്ജ് തുടങ്ങിയവ. എന്നാൽ, വ്രതാനുഷ്​ഠാനത്തെക്കുറിച്ചുമാത്രം ‘‘നിങ്ങൾക്കു മുമ്പുള്ളവർക്ക് നിർബന്ധമാക്കിയതുപോലെ’’ എന്ന് വിശുദ്ധ ഖുർആൻ വെളിപ്പെടുത്തി പറഞ്ഞതെന്തിന്?

ശരീരവും മനസ്സും ഒന്നിച്ചുനിർവഹിക്കേണ്ട വ്രതം പകലന്തിയോളം അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതിൽ പരിമിതമല്ല; മറിച്ച്, പാഴ്വാക്കുകളും ക്രോധവും അക്ഷമയും അടക്കിനിർത്തി മനസ്സിനെ നിയന്ത്രിക്കുന്നതും വ്രതാനുഷ്ഠാനത്തിൻെറ സുപ്രധാന വശമാണ്. ഭക്ഷണത്തിലുള്ള ധൂർത്തും ധാരാളിത്തവുംപോലെ സംസാരത്തിലും പെരുമാറ്റത്തിലും ധിക്കാരവും അഹംഭാവവും നോമ്പിൻെറ ഫലം നഷ്​ടപ്പെടുത്തുമെന്ന് പ്രവാചകൻ  പഠിപ്പിച്ചിട്ടുണ്ട്. വിശപ്പിൻെറയും ദാഹത്തിൻെറയും കാഠിന്യം സ്വയം അനുഭവിക്കുമ്പോൾ പട്ടിണികിടക്കുന്ന സഹജീവികളോട് സഹാനുഭൂതിയും കാരുണ്യവും സ്വയമേവ ഉദ്ഭൂതമാവുന്നു.

ഹൃദയശുദ്ധീകരണത്തോടൊപ്പം ശരീരമേദസ്സുകളിൽനിന്നുള്ള മോചനവും സിദ്ധിക്കുന്നു. ചുരുക്കത്തിൽ, വ്രതാനുഷ്ഠാനം മനസ്സിനും ശരീരത്തിനുമുള്ള പ്രകൃതിചികിത്സയാണ്. പകൽ നോമ്പെടുത്ത് പുണ്യകർമങ്ങൾ ചെയ്യുകയും രാത്രി ദീർഘനേരം പ്രാർഥനനിരതനാവുകയും ചെയ്യുന്ന സത്യവിശ്വാസിയുടെ ജീവിതത്തിൽ അടുത്ത പതിനൊന്നു മാസത്തേക്കുള്ള  ഊർജശേഖരണമാണ് ഈ  അനുഷ്ഠാനം. അതിനാലാണ് ‘‘വ്രതം എനിക്കുള്ളതാണ്, ഞാൻതന്നെ അതിന് പ്രതിഫലം നൽകും’’ എന്ന് അല്ലാഹു വാഗ്ദാനം ചെയ്തത്​.

വ്രതമാസക്കാലം മുസ്​ലിംകളോടൊപ്പം താമസിക്കുന്ന മുഴുവൻ മതാനുയായികളും അതി​​െൻറ പരിശുദ്ധിയുടെ പരിമളം ആസ്വദിക്കുന്നുവെന്നതാണ് അനുഭവം. ദാനധർമങ്ങളും സൽക്കർമങ്ങളും ബഹുസ്വരസമൂഹത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ അതി​​െൻറ ഗുണഫലം എല്ലാവർക്കും ലഭിക്കുന്നു. സൗഹൃദം പൂത്തുലയുന്ന സുവർണകാലമാണ് റമദാൻ മാസമെന്ന് ചുരുക്കം.

പ്രകൃതിയിലെ ചലന^നിശ്ചലന വിശേഷങ്ങളുമായി ഏറ്റവുമേറെ സംവദിക്കുന്നുവെന്നതാണ് വ്രതാനുഷ്​ഠാനത്തി​​െൻറ മറ്റൊരു സവിശേഷത. ചാന്ദ്രമാസമായ റമദാൻ നോമ്പുമാസമായി നിശ്ചയിച്ചതി​​െൻറ പൊരുൾ അതാണ്. വൃദ്ധിക്ഷയങ്ങളുടെ നേർക്കാഴ്ചയാണല്ലോ ചന്ദ്ര​​​െൻറ മുപ്പത് ദിവസത്തെ ഉദയാസ്തമയ ക്രമത്തിലൂടെ നാം കാണുന്നത്. പ്രകൃതി പ്രതിഭാസങ്ങളുടെ ചലനാത്​മകതയും അതോടൊപ്പം വളർച്ചയും തളർച്ചയും നേരിട്ടനുഭവിക്കുന്നതിലൂടെ സത്യവിശ്വാസിയുടെ വിശ്വാസം കൂടുതൽ ദൃഢതരമാകുന്നു.

അതോടൊപ്പം ഒരു പുരുഷായുസ്സിൽ മുഴുവൻ ഋതുഭേദങ്ങളും മാറിമാറി അനുഭവിക്കുകയും ചെയ്യുന്നു. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 1400 വർഷം തികഞ്ഞപ്പോൾ ഹിജ്റാബ്​ദം 1436 വർഷം ആയത് ഈ കാലഗണന കാരണമായാണ്. ചൂടും തണുപ്പും മഴയും മഞ്ഞും മാറിമാറി ആസ്വദിക്കുന്നതോടൊപ്പം നോമ്പി​​െൻറ പകൽ കൂടുകയും കുറയുകയും ചെയ്യുന്നത് ഈ സവിശേഷതകൊണ്ടുതന്നെ. അഥവാ പ്രകൃതിയുടെ മുഴുവൻ ഗതിവിഗതികളുമായി നോമ്പുകാരൻ പരിചയപ്പെടുന്നുവെന്നർഥം.

പട്ടിണിയുടെയും വരൾച്ചയുടെയും കാലം നോമ്പുകാരനെ നിഷ്ക്രിയനാക്കുന്നില്ലെന്നതും സുഭിക്ഷതയുടെയും വിളവിൻെറയും കാലം അവനെ അലംഭാവിയാക്കുന്നില്ലെന്നതും സവിശേഷമായ നോമ്പനുഭവമാണ്. യഥാവിധി ജനം വ്രതമെടുത്താൽ ലോകത്ത് പട്ടിണിയും പരിവട്ടവും ഒരുപരിധിവരെ നിയന്ത്രിക്കാനാവും. അതോടൊപ്പം സഹാനുഭൂതിയും സഹജീവികാരുണ്യവും വർധിക്കുകയും ചെയ്യും. മുൻകാല ജനതതികൾക്ക് നിർബന്ധമാക്കിയതാണ് ഈ കർമം എന്ന് ഖുർആൻ പ്രത്യേകം പരാമർശിച്ചത് ഇതി​​െൻറ സാർവജനീനത തെളിയിക്കാനാണ്. മനസ്സിനെയും ശരീരത്തെയും വംശത്തെയും ജാതിയെയും സമുദായത്തെയും സമൂഹത്തെയും ബാധിക്കുന്ന ദുർമേദസ്സിൽനിന്ന് ലോകം വിമുക്​തമായാൽ എത്ര നന്നായിരിക്കും.

Tags:    
News Summary - ramadan messages gulf madhyamam editor vk hamza abbas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.