ഏരൂര്‍ രാമഭദ്രന്‍ വധക്കേസ് : സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി രഹസ്യമൊഴി പുറത്ത്

തിരുവനന്തപുരം: അഞ്ചല്‍ ഏരൂര്‍ രാമഭദ്രന്‍ വധക്കേസില്‍ സി.ബി.ഐ അറസ്റ്റുചെയ്ത സി.പി.എം നേതാക്കള്‍ക്ക് ജാമ്യമില്ല. കൊല്ലം ജില്ലകമ്മിറ്റി അംഗം കെ. ബാബുപണിക്കര്‍, ഡി.വൈ.എഫ്.ഐ നേതാവും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗവുമായ മാക്സണ്‍, പുനലൂര്‍ സ്വദേശിയായ ഡി.വൈ.എഫ്.ഐ നേതാവ് റിയാസ് എന്നിവരുടെ ജാമ്യാപേക്ഷയാണ്  വ്യാഴാഴ്ച തിരുവനന്തപുരം സി.ജെ.എം കോടതി തള്ളിയത്. ഇവരെ കഴിഞ്ഞദിവസം ഡിസംബര്‍ ആറുവരെ  റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ  കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചില്ല. ബാബുപണിക്കര്‍ ഒഴികെയുള്ള രണ്ടുപേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായാണ്  അന്വേഷണസംഘത്തിന്‍െറ നിലപാട്. ബാബുപണിക്കര്‍ കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മറ്റ് പ്രതികള്‍ക്ക് കൊലപാതകത്തിനുള്ള സഹായം ചെയ്തതായുമുള്ള സി.ബി.ഐ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ജാമ്യഹരജി തള്ളിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ പുതിയ പ്രതികളെ ഉള്‍പ്പെടുത്തിയത് തികച്ചും രാഷ്ട്രീയപ്രേരിതമായാണെന്ന പ്രതികളുടെ വാദം ഇപ്പോള്‍ പരിഗണിക്കാനാവില്ളെന്ന് കോടതി വ്യക്തമാക്കി.

 അതേസമയം, ഡി.വൈ.എഫ്.ഐ  അനുഭാവിയെ ആക്രമിച്ച പ്രതികളെ ജാമ്യത്തിലിറക്കാന്‍ സഹായിച്ചതാണ് രാമഭദ്രനെ കൊലപ്പെടുത്താന്‍ കാരണമെന്ന്  മൂന്നാംപ്രതി നല്‍കിയ രഹസ്യമൊഴി പുറത്തായി. ഡി.വൈ.എഫ്.ഐ അനുഭാവിയായ ഗിരീഷിനെ മര്‍ദിച്ചവരെ രാമഭദ്രന്‍ ജാമ്യത്തിലിറക്കാന്‍ സഹായിച്ചതിന്‍െറ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മൂന്നാം പ്രതിയായ അഫ്സല്‍ പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കിയത്. സംഭവം നടക്കുന്ന കാലയളവില്‍ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്‍റായിരുന്നു അഫ്സല്‍. ഗിരീഷിന്‍െറ നിര്‍ദേശപ്രകാരം രാമഭദ്രന്‍െറ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നെന്ന് മറ്റൊരു പ്രതിയായ സുധീഷ് തന്നോട് വെളിപ്പെടുത്തിയെന്നും രഹസ്യമൊഴിയില്‍ പറയുന്നു.  ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന വേളയിലാണ് രഹസ്യമൊഴി നല്‍കിയത്. സി.പി.എം നേതാക്കളുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന പാര്‍ട്ടി നിലപാടിന് തിരിച്ചടിയാകുന്ന വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ബുധനാഴ്ച സി.ബി.ഐ അറസ്റ്റ് ചെയ്തുവിട്ടയച്ച റോയിക്കുട്ടിയെ മാപ്പുസാക്ഷിയാക്കുമെന്നും സൂചനയുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് ഒൗദ്യോഗികസ്ഥിരീകരണം നല്‍കാന്‍ സി.ബി.ഐ വൃത്തങ്ങള്‍ തയാറായില്ല. 
Tags:    
News Summary - ramabadran case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.