വിസ്മയയുടെ മരണത്തോടെ സ്ത്രീധനത്തിന്റെ പേരിലും മറ്റുമുള്ള ഗാർഹിക പീഡന സംഭവങ്ങൾ തുടരെ തുടരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, 'രക്ഷാദൂത്' പദ്ധതി ചർച്ചയാകുന്നു. അതിക്രമങ്ങൾ, ഗാർഹിക പീഡനം എന്നിവ നേരിടുന്ന കുട്ടികൾ, സ്ത്രീകൾ എന്നിവർ ഇക്കാര്യം അധികൃതരെ അറിയിക്കുന്നതിനു സംസ്ഥാന വനിത ശിശുവികസനവകുപ്പും തപാൽ വകുപ്പും ചേർന്നു നടപ്പാക്കിയ പദ്ധതിയാണ് 'രക്ഷാദൂത്'. സ്ത്രീധന പീഡനങ്ങൾ വർധിച്ചുവരുന്ന കാലത്ത് ഈവർഷം മാർച്ചിൽ നടപ്പാക്കിയ പദ്ധതിക്ക് പരമാവധി പ്രചാരം നൽകാനുള്ള ശ്രമത്തിലാണ് വനിത ശിശുവികസന വകുപ്പ്.
പീഡനത്തിന് ഇരയാകുന്ന കുട്ടികളും സ്ത്രീകളും നേരിടുന്ന പ്രധാന വെല്ലുവിളി ആർക്കു പരാതി നൽകണമെന്ന് അറിയാത്തതോ പരാതി എഴുതാൻ അറിയാത്തതോ ആണ്. പരാതികൾ എഴുതാൻ കഴിയാത്തവരെപ്പോലും പീഡനങ്ങളിൽനിന്ന് രക്ഷപ്പെടുത്താൻ സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 'രക്ഷാദൂത്' നടപ്പാക്കുന്നത്. ഫോണിൽ വിളിച്ചോ കത്തായോ സ്വന്തമായി പരാതി അയക്കാൻ കഴിയാത്തവർ പോസ്റ്റ് ഓഫിസിൽ എത്തി 'തപാൽ' എന്ന കോഡ് പറയുക മാത്രമാണ് ചെയ്യേണ്ടത്. അപ്പോൾ പോസ്റ്റ്മാസ്റ്റർ/പോസ്റ്റ്മിസ്ട്രസിന്‍റെ സഹായത്തോടുകൂടി പിൻകോഡ് സഹിതമുള്ള സ്വന്തം മേൽവിലാസമെഴുതിയ പേപ്പർ കവറിലാക്കി ലെറ്റർബോക്സിൽ നിക്ഷേപിക്കാം. പോസ്റ്റ്ഓഫീസ് അധികൃതരുടെ സഹായമില്ലാതെയും ഇതു ചെയ്യാം. കവറിന് പുറത്ത് 'തപാൽ ' എന്ന് എഴുതിയാൽ മതി, സ്റ്റാമ്പ് ഒട്ടിക്കേണ്ട.
ഇത്തരം പരാതികൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനു തപാൽ വകുപ്പിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന മേൽവിലാസമെഴുതിയ പേപ്പറുകൾ പോസ്റ്റ്മാസ്റ്റർ/പോസ്റ്റ്മിസ്ട്രസ് സ്കാൻചെയ്ത് വനിതാ ശിശുവികസന വകുപ്പിന് ഇ-മെയിൽ വഴി അയച്ചുകൊടുക്കും. വനിത-ശിശുവികസന വകുപ്പാണ് തുടർനടപടി സ്വീകരിക്കുക. സ്ത്രീകൾക്കെതിരായ പരാതികൾ വനിത സംരക്ഷണ ഓഫിസർമാരും ശിശുക്കളെ സംബന്ധിച്ച പരാതികൾ ജില്ലാ ശിശുസംരക്ഷണ ഓഫിസർമാരും കൈകാര്യം ചെയ്യും. പൊലീസിന്‍റെ സഹായവും ലഭിക്കും. നിയമസഹായത്തിനു വേണ്ട നടപടിയും ഉണ്ടാകും. നേരിൽ വരാൻ കഴിയാത്തവർക്ക് മറ്റുള്ളവരുടെ സഹായവും തേടാം. പീഡനത്തിനിരയാകുന്ന വ്യക്തിയുടെ സുഹൃത്തുക്കൾക്കും ഇരയെ സംബന്ധിച്ച വിവരങ്ങൾ അധികൃതരെ ഇതേരീതിയിൽ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.