ഇരവിപുരം: ചെയ്യാത്ത തെറ്റിെൻറ പേരിൽ ജീവൻ വെടിയേണ്ടിവന്ന മകൾക്കുവേണ്ടി നീതി കിട്ടും വരെ പോരാടാനാണ് ഇൗ മാതാവിെൻറ ഉറച്ച തീരുമാനം. കോപ്പിയടിച്ചെന്ന് ആരോപിച്ച് കൊല്ലം ഫാത്തിമ മാതാ കോളജ് അധികൃതർ പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ രാഖികൃഷ്ണ എന്ന വിദ്യാർഥിനിയുടെ മാതാവാണ് ശ്രീജാത. വേദന കടുത്തതാണെങ്കിലും മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ശ്രീജാത പറയുന്നു.
കോളജ് അധികൃതർ നിയോഗിച്ച ആഭ്യന്തര കമീഷനിൽ വിശ്വാസമില്ല. മകളും സഹപാഠികളും പറഞ്ഞത് പരീക്ഷ ഹാളിലുണ്ടായിരുന്ന അധ്യാപിക കേട്ടിരുന്നെങ്കിൽ മകളെ നഷ്ടപ്പെടില്ലായിരുന്നു. മകൾക്കുണ്ടായ അനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകരുത്. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തുന്ന അന്വേഷണത്തോട് യോജിപ്പാണ്. നഗരത്തിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്ന് ഒരു കുട്ടി ചാടി മരിച്ച സംഭവത്തിലും പൊലീസ് അന്വേഷണം നടന്നെങ്കിലും കുറ്റമാരോപിക്കപ്പെട്ട അധ്യാപകരെ ചിരിച്ചുകൊണ്ട് വരവേൽക്കുന്ന കാഴ്ചയാണ് കണ്ടത്. രാഖികൃഷ്ണയുടെ വിഷയത്തിൽ ഇതുണ്ടാകരുത്.
സ്വന്തമായുള്ള സമ്പാദ്യങ്ങളെല്ലാം വിറ്റുപെറുക്കിയായാലും കുറ്റക്കാരെ ജയിലിൽ അടയ്ക്കുന്നതുവരെ നിയമയുദ്ധം തുടരും. അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് പിതാവ് രാധാകൃഷ്ണൻ പറഞ്ഞു. ഒന്നാം ക്ലാസുമുതൽ പഠനത്തിൽ മികവ് കാട്ടിയിരുന്ന രാഖിക്ക് കോപ്പിയടിക്കേണ്ട കാര്യമില്ല. മകൾ കോളജിൽനിന്ന് ഓടിപ്പോയെന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ല. കോളജിൽ എത്തണമെന്നു മാത്രമാണ് സംഭവ ദിവസം ഉച്ചയോടെ കോളജിൽനിന്ന് വിളിച്ചു പറഞ്ഞത്. ജോലി സ്ഥലത്തായിരുന്ന പിതാവ് ഉടൻ കോളജിൽ എത്തിയെങ്കിലും ആരും ഒന്നും പറയാൻ തയാറായില്ല. പുറത്തുനിന്നു സംസാരിച്ചവരിൽനിന്നാണ് വിവരങ്ങൾ അറിഞ്ഞത്. അതിൻ പ്രകാരം വിവരം തിരക്കിയിറങ്ങിയപ്പോൾ എ.ആർ ക്യാമ്പിനടുത്ത് റെയിൽവേ ട്രാക്കിൽ ആൾക്കൂട്ടത്തിനിടയിൽ മകളുടെ ചേതനയറ്റ ശരീരമാണ് കാണാനായത്.
കുറ്റാരോപിതയായ അധ്യാപികയോട് തൃപ്തിയായില്ലേ എന്നു ചോദിച്ചപ്പോൾ തൃപ്തിയായി എന്ന മറുപടിയാണ് സഹപാഠികൾക്ക് ലഭിച്ചത്. അസുഖബാധിതയായ തന്നെയും, അപകടത്തിൽപ്പെട്ട് വലതുകാൽപ്പാദം മുറിച്ചുമാറ്റിയ സഹോദരൻ രാഹുൽ കൃഷ്ണയെയും പരിചരിച്ചിരുന്നത് രാഖിയായിരുന്നെന്ന് ശ്രീജാത പറഞ്ഞു. അധ്യാപികയാകണമെന്ന മോഹം ബാക്കിയാക്കിയാണ് അവൾ മടങ്ങിയതെന്ന് പറഞ്ഞപ്പോൾ ശ്രീജാതക്ക് വിതുമ്പൽ അടക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.