കിളിമാനൂർ: മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിനെ കൊന്നശേഷം തന്ത്രപരമായി രക്ഷപ്പെട്ട മുഖ്യസൂത്രധാരനും മൂന്നാംപ്രതിയുമായ അപ്പുണ്ണിയെ കുടുക്കിയത് കാമുകിയുമായുള്ള ഫോൺവിളി. മൊബൈൽ ഫോണുകൾ ‘ദൃശ്യം’ സിനിമയെ അനുസ്മരിപ്പിക്കുംവിധം ഉപേക്ഷിച്ചെങ്കിലും ലാൻഡ് ഫോണിൽനിന്ന് എല്ലാ രാത്രികളിലും കാമുകി സെബല്ല ബോണിയെ അപ്പുണ്ണി ബന്ധപ്പെട്ടിരുന്നു. കേസിൽ അപ്പുണ്ണിയെ നിരന്തരം സഹായിച്ചിരുന്ന സെബല്ലയെ ഉപയോഗിച്ചാണ് അന്വേഷണസംഘം തന്ത്രപരമായി ഇയാളെ കുടുക്കിയതും.
കൊലക്ക് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന അപ്പുണ്ണി ഓരോദിവസവും ഓരോ പട്ടണങ്ങളിലാണ് താമസിച്ചത്. മൊബൈൽ ഫോൺ ഉപയോഗം പരമാവധി ഉപേക്ഷിച്ചശേഷം ലാൻഡ് ഫോണിൽനിന്നാണ് കാമുകിയെയും വിദേശത്തുള്ള സത്താറിനെയും ബന്ധപ്പെട്ടിരുന്നത്. അപ്പുണ്ണിയുടെ മാതാവുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടത്തിയതും അഭിഭാഷകനെ ബന്ധപ്പെട്ടതും സെബല്ലയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അപ്പുണ്ണി ഉപേക്ഷിച്ച ഫോണിനെ കുറിച്ചുള്ള അന്വേഷണമാണ് പൊലീസിനെ സെബല്ലയിൽ എത്തിച്ചത്. അവസാനം അപ്പുണ്ണി വിളിച്ചത് ഇവരെയായിരുന്നു. പൊലീസ് വലയിലായപ്പോൾ അപ്പുണ്ണിയുടെ ഫോൺനമ്പർ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടർന്ന് രാത്രിയിൽ ഫോൺ വരുന്നതുവരെ പൊലീസ് കാത്തിരുന്നു.
കൊല്ലം, കായംകുളം പ്രദേശങ്ങൾ പൊലീസ് നിരീക്ഷണത്തിലാണെന്നും അതിനാൽ തിരുവനന്തപുരത്തെത്താനും സെബല്ല മുഖാന്തരം പൊലീസ് അപ്പുണ്ണിയെ അറിയിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തി ഓട്ടോയിൽ സഞ്ചരിക്കവേയാണ് അപ്പുണ്ണിയും സുമിത്തും അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.