രാജമാണിക്യം റിപ്പോര്‍ട്ട് പരിശോധിച്ച്  വരുകയാണെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: അനധികൃതമായി കൈവശം വെച്ചിരിക്കുന്ന തോട്ടഭൂമി തിരിച്ചുപിടിക്കുന്നതിന് സ്പെഷല്‍ ഓഫിസര്‍ എം.ഡി. രാജമാണിക്യം നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഹാരിസണ്‍സ് മലയാളം, ട്രാവന്‍കൂര്‍ ടീ കമ്പനി എന്നിവര്‍ കൈവശം വെച്ച ഭൂമിയുടെ കാര്യത്തില്‍ മൂന്നു തവണ നടപടി കൈക്കൊണ്ടെങ്കിലും കോടതി സ്റ്റേ വന്നു. മുപ്പത്തെണ്ണായിരത്തിലേറെ ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയതിനും സ്റ്റേ വന്നെന്നും അടൂര്‍ പ്രകാശിന്‍െറ സബ്മിഷന് മറുപടി നല്‍കി. 108 ആംബുലന്‍സ് പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സമ്പൂര്‍ണ ട്രോമകെയര്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചന. ഇതിന്‍െറ ഭാഗമായി കൂടുതല്‍ ആംബുലന്‍സുകള്‍ വാങ്ങുമെന്നും കെ. മുരളീധരന്‍െറ സബ്മിഷന് മറുപടി നല്‍കി. 

തൃശൂര്‍ സാഹിത്യ അക്കാദമി പ്രവര്‍ത്തിക്കുന്ന മരാമത്ത് വകുപ്പിന്‍െറ ഉടമസ്ഥതയിലെ കെട്ടിടവും സ്ഥലവും സാംസ്കാരിക വകുപ്പിന് കൈമാറാന്‍ നടപടി സ്വീകരിച്ചുവരുകയാണെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. തൃശൂരില്‍ പഴയ ജില്ലാ കോടതി പ്രവര്‍ത്തിച്ചിരുന്ന 2.26 ഏക്കര്‍ സ്ഥലവും കെട്ടിടവുമാണ് അക്കാദമിക്ക് നല്‍കിയത്. മാസം ഒരു രൂപ പാട്ടം വ്യവസ്ഥയിലാണ് ഇതു നല്‍കിയതെന്നും കെ.വി. അബ്ദുല്‍ ഖാദറിന്‍െറ സബ്മിഷന് മറുപടി നല്‍കി. കൊച്ചിന്‍ ട്രാംവെ റെയില്‍ മ്യൂസിയം സ്ഥാപിക്കുന്നതിന് സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. ഇതു ലഭിച്ച ശേഷം തുടര്‍നടപടി എടുക്കും. എം.എല്‍.എയുടെ കൂടി സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും ഉന്നതതല യോഗം ചേരുമെന്നും ബി.ഡി. ദേവസിയുടെ സബ്മിഷന് മറുപടി നല്‍കി. നിലമ്പൂര്‍ -നഞ്ചന്‍കോട് പാതയുടെ സര്‍വേക്ക് ഡി.എം.ആര്‍.സി ആവശ്യപ്പെട്ട തുകയില്‍ ചര്‍ച്ച നടത്തണമെന്ന് ധനവകുപ്പ് നിര്‍ദേശം നല്‍കിയതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. 

Tags:    
News Summary - rajamanikyam report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.