തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ല പൊലീസ് മേധാവിമാര്‍ക്ക് ജാഗ്രതാ നിർദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചു.
അടിയന്തര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ പൊലീസ് സ്റ്റേഷനുകളിലെ ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിർദേശം നല്‍കി. ജില്ല പൊലീസ് മേധാവിമാര്‍ ജില്ല കളക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. മണ്ണുമാന്തിയന്ത്രങ്ങൾ, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ എല്ലാ പൊലീസ് സ്റ്റേഷനുകളിലും തയാറാക്കി വെയ്ക്കും. തീരപ്രദേശങ്ങളില്‍ സുരക്ഷാ ബോട്ടുകള്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എമര്‍ജന്‍സി റെസ്പോണ്‍സ് നമ്പറായ 112ലേയ്ക്ക് വരുന്ന എല്ലാ കോളുകളും 24 മണിക്കൂറും അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യും.
മണ്ണിടിച്ചില്‍ പോലെ അപകടങ്ങള്‍ സംഭവിക്കാനിടയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. അവശ്യഘട്ടങ്ങളില്‍ പൊലീസിന്‍റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങള്‍ക്ക് ഉടൻ ലഭ്യമാക്കാന്‍ യൂനിറ്റ് മേധാവിമാര്‍ നടപടി സ്വീകരിക്കും. റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മാറ്റാന്‍ ഫയര്‍ഫോഴ്സുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. അപകടമേഖലകളില്‍ നിന്ന് ജനങ്ങളെ അതിവേഗം മാറ്റി പാര്‍പ്പിക്കുന്നതിന് സഹായം ഉറപ്പാക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്ന മുറയ്ക്ക് അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വനിതാ പൊലീസ് ഉള്‍പ്പെടെയുളളവരുടെ സേവനം ലഭ്യമാക്കും.
പൊലീസ് വിന്യാസത്തിന്‍റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി വിജയ് എസ്. സാക്കറെയെയും നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.