ബിസ്മിയും കുടുംബവും കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തി മൊബൈൽ ഫോൺ ഏറ്റുവാങ്ങുന്നു
കോട്ടയം: ട്രെയിൻ യാത്രക്കിടെ റെയിൽവേ ട്രാക്കിലേക്ക് തെറിച്ചുവീണ മൊബൈൽ ഫോൺ വീണ്ടെടുത്തുനൽകി റെയിൽവേ പൊലീസ്. ജോലിസംബന്ധമായ വിദേശയാത്രക്കുള്ള രേഖകൾ ഉണ്ടായിരുന്ന മൊബൈൽ ഫോൺ തിരിച്ചുകിട്ടിയപ്പോൾ പൂന്തുറ സ്വദേശിനി ബിസ്മിക്കും സന്തോഷം.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് എറണാകുളം ടൗണിൽ നിന്ന് തിരുവനന്തപുരത്തേക്ക് ശബരി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് ബിസ്മിയുടെ മൊബൈൽ ഫോൺ ബാഗിൽ നിന്ന് തെറിച്ച് എറണാകുളം ടൗണിനും തൃപ്പൂണിത്തുറക്കും ഇടയിൽ ട്രാക്കിലേക്ക് വീണത്.
ജോലിസംബന്ധമായി വിദേശത്തേക്കുപോകാൻ പേപ്പർ ജോലികൾ പൂർത്തീകരിക്കുന്നതിന് എറണാകുളത്ത് എത്തിയതായിരുന്നു ബിസ്മിയും കുടുംബവും. യാത്രയുമായി ബന്ധപ്പെട്ട പല രേഖകളും ഫോണിലാണ് സൂക്ഷിച്ചിരുന്നത്. അടുത്തയാഴ്ച വിദേശത്തേക്കുപോകാനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരുന്നു. പരാതിയുമായി കോട്ടയം റെയിൽവേ പൊലീസിനെ സമീപിച്ചു.
സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി. ജോസഫ് ഉടൻ കോട്ടയം റെയിൽവേ സ്റ്റേഷൻ മാനേജർ മുഖേന എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വിവരം നൽകി. കൂടുതൽ വിവരങ്ങൾ ലഭിക്കാതെ വന്നപ്പോൾ റെജി പി. ജോസഫ് സൈബർ സെല്ലുമായി നേരിട്ട് ബന്ധപ്പെട്ട് ഫോണിന്‍റെ യഥാർഥ ലൊക്കേഷൻ കണ്ടെത്തി. തുടർന്ന്, എറണാകുളം ടൗൺ സ്റ്റേഷനിലെ ആർ.പി.എഫ് ഉദ്യോഗസ്ഥർ റോഡുമാർഗം ട്രാക്കിലെത്തി ഫോൺ കണ്ടെത്തുകയായിരുന്നു. എറണാകുളം ടൗണിൽനിന്ന് ഫോൺ കോട്ടയം സ്റ്റേഷനിൽ എത്തിച്ച് പരാതിക്കാരിക്ക് റെയിൽവേ പൊലീസ് കൈമാറി. സ്റ്റേഷൻ അധികൃതർക്ക് നന്ദി പറഞ്ഞാണ് ബിസ്മിയും കുടുംബവും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.