രാഹുലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപക പ്രതിഷേധം; ജാമ്യാപേക്ഷയിൽ വിധി ഉച്ചക്ക് ശേഷം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി. ആലപ്പുഴയിൽ പൊലീസ് ജീപ്പിന് മുകളിൽ കയറി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കൊച്ചിയിലും കോഴിക്കോടും കമ്മീഷണർ ഓഫീസ് മാർച്ചിൽ ഉന്തുംതള്ളുമുണ്ടായി.

കണ്ണൂരും മലപ്പുറത്തും കൊല്ലത്തും വയനാട്ടിലും ദേശീയപാത ഉപരോധിച്ചു. പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായി. പലയിടത്തും നവകേരള സദസ്സിന്റെ ബാനറുകളും മറ്റും വലിച്ചുകീറി. അതിരാവിലെ വീടുവളഞ്ഞ് ഭീകരവാദിയെ പോലെ അറസ്റ്റ് ചെയ്യാൻ മാത്രം എന്ത് സാഹചര്യമാണുണ്ടായതെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു.

ഇതിനിടെ കോടതിയിൽ ഹാജരാക്കിയ രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി ഉച്ചക്ക് ശേഷമുണ്ടായേക്കും.  സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. അടൂരിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവനന്തപുരം കന്റോൺമന്റെ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വൈദ്യ പരിശോധന പൂർത്തിയാക്കി വൻ പ്രതിഷേധങ്ങൾക്കിടെ രാഹുലിനെ പൊലീസ് വഞ്ചിയൂർ കോടതിയിൽ ഹാജാരാക്കുകയായിരുന്നു. 

ഇതിനിടെ വൈദ്യ പരിശോധനക്കായി ഫോർട്ട് ആശുപത്രിയിൽ രാഹുലിനെയെത്തിച്ചപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വൈദ്യ പരിശോധന കഴിഞ്ഞ് രാഹുലുമായി പുറപ്പെട്ട പോലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് ഫോർട്ട് ആശുപത്രി പരിസരം സംഘർഷഭരിതമായി. തുടർന്ന് ഏറെ പണിപ്പെട്ടാണ് പൊലീസ് രാഹുലിനെ കോടതിയിൽ എത്തിച്ചത്.

നവകേരളയാത്രക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐയും മുഖ്യമന്ത്രിയുടെ ഗൺമാനും ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എം.എൽ.എ, എം.വിൻസെന്റ് എന്നീ കണ്ടാലറിയുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.

നേരെത്ത കേസുമായി ബന്ധപ്പെട്ട് ഇരുപതിലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും നേതാക്കൾക്കെതിരായ നടപടി ആദ്യമാണ്. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ രംഗത്തെത്തി. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു.

അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാൻ വഴിയൊരുക്കിയ അതേ പോലീസും പാർട്ടിയും സർക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് വി.ഡി. സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.

Tags:    
News Summary - Rahul's arrest; Statewide protests; Verdict on bail later in the afternoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-14 01:25 GMT