പാലക്കാട്: ലൈംഗികാരോപണമുയർന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നെന്ന് നടൻ രമേശ് പിഷാരടി. പാലക്കാട് സഹോദയ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ആരോപണങ്ങൾ തെളിയുംവരെ രാഹുലിനെ സ്ഥാനങ്ങളിൽനിന്ന് നീക്കേണ്ടതില്ല. പ്രതിഷേധങ്ങൾ സ്വാഭാവികമായുണ്ടാകും. രാഹുലിന്റെ സുഹൃത്തായതിനാൽ ഷാഫി പറമ്പിലിനെതിരെയും വിമർശനമുണ്ടാകും. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടര വർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭ സമ്മേളനത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനം നടത്തി. ഇതിനിടെ പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ രാഹുലിനെ വീട്ടിൽ വന്ന് കാണ്ടു. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സി.വി. സതീഷും മണ്ഡലം പ്രസിഡന്‍റുമാരുമുൾപ്പെടെ ആറുപേരാണ് ബുധനാഴ്ച രാഹുലിനെ സന്ദർശിച്ചത്. സന്ദർശന വിവരം ജില്ലയിലെ നേതാക്കൾ സ്ഥിരീകരിച്ചു.
മലമ്പുഴയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിനെതിരായ വിഷയം സഭയില്‍ ഉന്നയിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു സന്ദര്‍ശനമെന്ന് സി.വി. സതീഷ് പറഞ്ഞു. പാലക്കാട് നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ വികസനവും ചര്‍ച്ചയായെന്നും രാഹുല്‍ പാലക്കാട്ടെത്തിയാല്‍ ഒരു മനുഷ്യനെന്ന നിലയില്‍ കോണ്‍ഗ്രസ് സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റിന്റെ അനുമതിയോടെയല്ല സന്ദര്‍ശനമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.