പാലക്കാട്: ലൈംഗികാരോപണമുയർന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയോടൊപ്പം വേദി പങ്കിട്ട് മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും. സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിമാർക്കൊപ്പം രാഹുലും വേദിയിലെത്തിയത്. എം.ബി. രാജേഷ് അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് രാഹുൽ എത്തിയത്.
രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ മിനി കൃഷ്ണകുമാർ വേദിയിൽനിന്ന് ഇറങ്ങിപ്പോയി. രാഹുലിനെ സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.
പാലക്കാട്: 57ാമത് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. അടുത്ത വർഷം മുതൽ ശാസ്ത്രോത്സവത്തിന് സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്ന് ഉദ്ഘാടനവേദിയിൽ മന്ത്രി പ്രഖ്യാപിച്ചു. ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നതിന് സാധനങ്ങൾ വാങ്ങാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. അടുത്ത വർഷം മുതൽ വിജയികൾക്ക് നൽകുന്ന കാഷ് പ്രൈസ് ഉയർത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പ്രാർഥനയിലെ ഏകീകരണം നടത്തുമെന്ന നിർദേശവും മന്ത്രി മുന്നോട്ടുവെച്ചു. എല്ലാ സ്കൂളിലും ഒരുപോലെയുള്ള പ്രാർഥന ചൊല്ലണം. ചില മതസംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക വിഭാഗത്തിന്റെ പ്രാർഥന നടക്കുന്നു. വിദ്യാർഥിയായതുകൊണ്ടു മാത്രം അത് പാടേണ്ടിവരുന്നു. പ്രാർഥനാഗാനം ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്ര ചിന്തയുള്ള, ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാകണമെന്നും അതിനെക്കുറിച്ചുള്ള ചര്‍ച്ച ഇവിടെ തുടങ്ങിവെക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ രാഹുൽ മാങ്കൂട്ടത്തിൽ, കെ.ഡി. പ്രസേനൻ, എ. പ്രഭാകരൻ, എൻ. ഷംസുദ്ദീൻ, കലക്ടർ എം.എസ്. മാധവിക്കുട്ടി, അഡ്വ. കെ. ശാന്തകുമാരി, പി. മമ്മിക്കുട്ടി, ഡി.ഡി.ഇ സലീന ബീവി, എ. ഷാബിറ തുടങ്ങിയവർ സംസാരിച്ചു.
പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ 14 ജില്ലകളിൽനിന്നായി 8500 വിദ്യാർഥികളാണ് നാലു ദിവസങ്ങളിൽ മാറ്റുരക്കുന്നത്. ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി, പ്രവൃത്തിപരിചയം, വി.എച്ച്.എസ്.സി എക്സ്പോ വിഭാഗങ്ങളിലായി നഗരത്തിലെ ആറു വേദികളിലാണ് മത്സരം. ദിവസവും വൈകീട്ട് 3.30 മുതൽ അഞ്ചു വരെ പൊതുജനങ്ങൾക്ക് ശാസ്ത്രോത്സവം കാണാം.
സാമൂഹികശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളും തത്സമയ മത്സരങ്ങളാക്കി. ഇത്തവണ പുതിയ ചില മത്സരങ്ങൾ ഉൾപ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ചരിത്ര സെമിനാർ എന്ന ഇനം കൂട്ടിച്ചേർത്തു. ചോക്ക്, വോളിബാൾ നെറ്റ്, ചന്ദനത്തിരി, പ്ലാസ്റ്റർ ഓഫ് പാരിസ്, പനയോല ഉൽപന്നങ്ങൾ, തഴയോല ഉൽപന്നങ്ങൾ, കുട എന്നിവയുടെ നിർമാണം മത്സരങ്ങളിൽനിന്ന് ഒഴിവാക്കി. ബാഗ് നിർമാണം, ഫൈബർ ഫാബ്രിക്കേഷൻ, നൂതനാശയ പ്രവർത്തന മോഡൽ, ലോഹത്തകിടിൽ ദ്വിമാന ചിത്രം, പോസ്റ്റർ ഡിസൈനിങ്, പോട്ടറി പെയിന്റിങ്, കവുങ്ങിൻപാള ഉൽപന്നങ്ങൾ, ചൂരൽ ഉൽപന്നങ്ങൾ എന്നിവ പുതുതായി മത്സരത്തിൽ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.